കോടികളുടെ പരിഷ്കരണം നടത്തിയിട്ടും തിരുവല്ലയില്‍ വൈദ്യുതിയില്ല

തിരുവല്ല: വൈദ്യുതി ബോര്‍ഡിന്‍െറ ഊര്‍ജിത ഊര്‍ജവികസന പരിഷ്കരണ പദ്ധതി നടപ്പാക്കിയ നഗരമായ തിരുവല്ലയില്‍ പതിവായ വൈദ്യുതി മുടക്കം ജനങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ദുരിതത്തിലാക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാപകല്‍ ഭേദമില്ലാതെ ഇടക്കിടക്ക് ഉണ്ടാകുന്ന വൈദ്യതി മുടക്കം കൂടാതെ മണിക്കൂറുകള്‍ വൈദ്യുതി നിലക്കുന്നതും ഇവിടെ നിത്യസംഭവമാണ്. നഗരത്തിന്‍െറ പലഭാഗങ്ങളിലും ടച്ചിങ് വെട്ടാത്തതും വൈദ്യുതി മുടങ്ങാന്‍ കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആറുതവണ ഇടവിട്ട് നഗരം ഇരുട്ടിലായി. വൈദ്യുതി ബോര്‍ഡിന്‍െറ മുന്നറിയിപ്പുകൂടാതെ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങുന്നതും പതിവാണ്. ഇത് നഗരത്തിലെ വ്യാപാരവ്യവസായ സ്ഥാപനങ്ങളെയാണ് ഏറെ ദുരിതത്തിലാക്കിയത്. പത്രസ്ഥാപനങ്ങള്‍, പ്രിന്‍റിങ് പ്രസുകള്‍, ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി സെന്‍ററുകള്‍, സിനിമ തിയറ്ററുകള്‍, വര്‍ക്ക് ഷോപ്പുകള്‍ പോലുള്ള വൈദ്യുതി അത്യാവശ്യഘടകമായിട്ടുള്ള സ്ഥാപനങ്ങളെയാണ് വൈദ്യുതിമുടക്കം കൂടുതലായി ബാധിക്കുന്നത്. വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വൈദ്യുതി ഇല്ലാത്തതിന്‍െറ കാരണം തിരക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ജീവനക്കാര്‍ തയാറാകാറില്ല. തിരുവല്ല, തോട്ടഭാഗം, മണിപ്പുഴ എന്നീ സെക്ഷനുകളില്‍ 32 കിലോമീറ്ററോളം 11 കെ.വി ലൈന്‍ വലിക്കുകയും 17ല്‍പരം ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ 132 കിലോമീറ്റര്‍ കണ്‍വേര്‍ഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴും തിരുവല്ലയിലും പരിസരങ്ങളിലും മിക്ക ദിവസങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാകുന്നതിന്‍െറ കാരണം വിശദമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നുള്ളതാണ് വാസ്തവം. റെസ്ട്രിക്റ്റഡ് ആക്സിലറേറ്റഡ് പവര്‍ ഡെവലപ്മെന്‍റ് റിഫോംസ് പ്രോഗ്രാം (ആര്‍.എ.പി.ഡി.ആര്‍.പി) പ്രകാരം പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തിരുവല്ല ടൗണ്‍ പദ്ധതിയിലെ വിതരണമേഖല ശക്തിപ്പെടുത്തുന്നതിന് 16.63 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവല്ലയിലെ പ്രസരണ വിതരണ നഷ്ടം നിലവിലെ 22.45 ശതമാനത്തില്‍നിന്ന് 15 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ വാദം. ലൈനുകളിലേക്ക് നില്‍ക്കുന്ന മരക്കമ്പുകള്‍ മുറിച്ചുമാറ്റിയാല്‍ മാത്രം പ്രസരണ നഷ്ടം നികത്താവുന്നതാണ്. ഇത് ചെയ്യാന്‍ പോലും അധികൃതര്‍ തയാറാകാത്തതിനാല്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം നിത്യസംഭവമാകുകയാണ്. കോടികള്‍ മുടക്കി നവീകരണം നടത്തിയിട്ടും ദിവസവും മണിക്കൂറുകള്‍ വൈദ്യുതി ഇല്ലാതിരിക്കാന്‍ വിധിക്കപ്പെട്ട നഗരത്തില്‍ എന്തുചെയ്താലും ആരും പ്രതികരിക്കാനില്ളെന്നതാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ കാട്ടുന്ന നിസ്സംഗതക്ക് പിന്നിലെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്. ഇടക്കാലത്ത് വൈദ്യുതി മുടക്കം വ്യാപകമായതിനെ തുടര്‍ന്ന് സമരമുറകളുമായി പൊതുജനങ്ങളും വ്യാപാരി വ്യാവസായികളും രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ അന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ സജീവമായി രംഗത്തിറങ്ങി തകരാറുകള്‍ പരിഹരിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിതന്നെ എന്നാണ് പൊതുജനത്തിന്‍െറ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.