ഷാജിമോന്‍െറ അറസ്റ്റ്: വെളിച്ചത്തായത് നിരവധി മോഷണങ്ങള്‍

ശാസ്താംകോട്ട: പതാരം കിടങ്ങയം ഡോ. വിജയകുമാറിന്‍െറ വസതിയില്‍ നടന്ന മോഷണത്തിലെ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ വെളിവായത് നിരവധി കവര്‍ച്ച രഹസ്യങ്ങള്‍. കരുനാഗപ്പള്ളി കോഴിക്കോട് അയണിവേലിക്കുളങ്ങര വിളയില്‍ പടീറ്റതില്‍ ഷാജിമോനെയാണ് (38) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതോളം കേസുകളില്‍ ഇയാളുടെ ജ്യേഷ്ഠന്‍ നജുമുദ്ദീനും പങ്കാളിയാണ്. പതാരം വല്യച്ഛന്‍നട ക്ഷേത്രത്തിന് സമീപം ഡോ. വിജയകുമാറിന്‍െറ വസതിക്ക് അടുത്തായി നജുമുദ്ദീന്‍ വാടകക്ക് താമസിച്ച പരിചയത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. ഇവിടെനിന്ന് 18.25 പവന്‍ സ്വര്‍ണം ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുകയും തഴവയില്‍ പരിചയത്തിലുള്ള ജ്വല്ലറിയില്‍ വില്‍ക്കുകയുമായിരുന്നു. വിറ്റ് കിട്ടിയ തുക ഇരുവരും പങ്കിട്ടെടുത്തു. ശാസ്താംകോട്ട എക്സൈസ് ഓഫിസിന് സമീപം പട്ടാളക്കാരനായ പ്രദീപ് ശങ്കറിന്‍െറ വസതിയില്‍നിന്ന് രാത്രി പുറത്തുപോയ സമയത്ത് വാതില്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നു. പിന്നീടുള്ള കവര്‍ച്ചകളില്‍ ഭൂരിഭാഗവും കായംകുളം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. കായംകുളം കെ.പി.എ.സി ജങ്ഷന് സമീപത്തെ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ സ്കൂള്‍ അധ്യാപികയായ സലീനയുടെ 12 പവന്‍ സ്വര്‍ണം വീട്ടില്‍ ആളില്ലാത്ത സമയം രാത്രി കവര്‍ന്നിട്ടുണ്ട്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം റിട്ട. എക്സൈസ് ജോയന്‍റ് കമീഷണര്‍ എന്‍.എസ്. വേണുഗോപാലിന്‍െറ വസതിയില്‍നിന്ന് ഇരുവരും ചേര്‍ന്ന് ഏഴുപവന്‍ കവര്‍ന്നു. കായംകുളം ട്രാഫിക് സ്റ്റേഷന് സമീപം പൊട്ടക്കനയത്ത് എന്ന വാടക വീട്ടില്‍ താമസിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശികളായ ഇന്‍ഷുറന്‍സ് ജീവനക്കാരുടെ നാലുപവന്‍ സ്വര്‍ണം വീട് കുത്തിപ്പൊളിച്ച് രാത്രി ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. കൃഷ്ണപുരത്തിനടുത്ത് എസ്.എന്‍ സെന്‍ട്രല്‍ സ്കൂളിന് സമീപം ഉഷസ് എന്ന വാടക വീട്ടില്‍ താമസിച്ചിരുന്ന ബിജു എന്നയാളുടെ വീട്ടുപകരണങ്ങളും കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്ക് തെക്കുവശത്തായി ബൈത്തുല്‍ ബയാന്‍ എന്ന വീട്ടില്‍ സബീനയുടെ വീട്ടുപകരണങ്ങളും കവര്‍ന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നജുമുദ്ദീന്‍ കരുനാഗപ്പള്ളി പൊലീസിന്‍െറ വലയിലായതോടെ ഷാജിമോന്‍ മുംബൈക്ക് വണ്ടികയറി. അവിടെ ഏഴുവര്‍ഷത്തോളം ഡ്രൈവറായി ജോലി നോക്കിയ ഇയാള്‍ മുംബൈ സ്വദേശിനിയെയാണ് ജീവിത പങ്കാളിയാക്കിയത്. നജുമുദ്ദീനും മുംബൈയില്‍ ഇയാള്‍ക്കൊപ്പം കുറേക്കാലം താമസിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ തിരയുന്നതറിഞ്ഞ് മൊബൈല്‍ സ്വിച്ച് ഓഫാക്കി നാട്ടിലേക്ക് മടങ്ങി. പൊലീസ് നിരീക്ഷണം ശക്തമായതോടെ കാരൂര്‍കടവില്‍നിന്ന് അറസ്റ്റിലാവുകയായിരുന്നു. പകല്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന പ്രതി പൂട്ടിക്കിടക്കുന്ന വീടുകളും പത്രം പുറത്തുകിടക്കുന്നതും ലൈറ്റ് ഓഫാകാതെ കിടക്കുന്നതുമൊക്കെ ശ്രദ്ധിക്കുമായിരുന്നു. നിരീക്ഷണശേഷം കഴിയുമെങ്കില്‍ പകലോ അല്ളെങ്കില്‍ രാത്രിയിലോ സ്ക്രൂഡ്രൈവര്‍ കൊണ്ട് പൂട്ട് കുത്തിത്തുറന്ന് അകത്തുകയറും. മോഷണം നടത്തുന്ന വീടുകള്‍ അലങ്കോലമാക്കിയ ശേഷമാണ് പോകാറുള്ളത്. മോഷണത്തില്‍ പങ്കാളിയായ ജ്യേഷ്ഠനെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കാനും പ്രതി ശ്രമിക്കുമായിരുന്നു. മോഷണമുതലില്‍ കുറച്ച് വീണ്ടെടുക്കാന്‍ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. ഡോ. വിജയകുമാറിന്‍െറ വീടിന് സമീപം നജുമുദ്ദീനെ മോഷണദിവസവും തലേന്നും സംശയാസ്പദമായി കണ്ട അയല്‍വാസിയുടെ മൊഴിയാണ് നിര്‍ണായകമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.