വെളിയം, ഓടനാവട്ടം ജങ്ഷനുകളിലെ ഓട പൊട്ടിപ്പൊളിഞ്ഞു

ഓയൂര്‍: വെളിയം, ഓടനാവട്ടം ജങ്ഷനുകളിലെ ഓടകള്‍ പൊട്ടിപ്പൊളിഞ്ഞ് വര്‍ഷങ്ങളായിട്ടും പൊതുമരാമത്ത് അധികൃതര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. 2012ലാണ് ഓയൂര്‍-കൊട്ടാരക്കര റോഡ് 18കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മാണം നടത്തിയത്. 18 കിലോമീറ്റര്‍ വരുന്ന ഈ റോഡിലെ പ്രധാന ജങ്ഷനുകളിലെ ഓടയും പുനര്‍നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ ഓടനാവട്ടം, വെളിയം ജങ്ഷനുകളിലെ ഓടകള്‍ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകിയത് കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടായി. പ്ളാസ്റ്റിക് കുപ്പികള്‍, കവറുകള്‍ തുടങ്ങിയവ റോഡിലേക്ക് നിരന്നു. വാഹനങ്ങള്‍ ഉടയുന്ന കുപ്പികളുടെ മുകളില്‍ കയറിയിറങ്ങി ടയര്‍ പഞ്ചറാകുന്നതും സ്ഥിരംസംഭവമാണിവിടെ. വെളിയം ജങ്ഷനില്‍ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഓടയുടെ മുകളിലാണ് ബസ് കാത്തു നില്‍ക്കുന്നത്. ഇടുങ്ങിയ ജങ്ഷനില്‍ ഓയൂര്‍, കൊട്ടാരക്കര, ആയൂര്‍, കൊല്ലം റോഡുകളാണ് സന്ധിക്കുന്നത്. ശക്തമായ മഴയില്‍ ഓടയുടെ മുകളിലൂടെ ഒഴുകിവരുന്ന മാലിന്യം ബസ് കാത്തുനില്‍ക്കുന്നവരുടെ ദേഹത്താണ് പതിക്കുന്നത്. ഇതിനെതിരെ പഞ്ചായത്തധികൃതര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. എം.എല്‍.എയെ സമീപിച്ചപ്പോള്‍ ഇനി ഓടനിര്‍മാണം നടക്കുകയില്ളെന്നും കരാറുകാരന്‍ ബില്‍ മാറിയെന്നുമാണ് വിവരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.