തിരുവല്ല: നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് 48 കോടിയുടെ പദ്ധതിയുമായി തിരുവല്ല നഗരസഭ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതി. വിശദമായ മാസ്റ്റര്‍പ്ളാന്‍ തയാറാക്കുന്നതിനായി മൂന്ന് കമ്പനികളുടെ പ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത ആര്‍ക്കിടെക്ട് പി.എസ്. അതുല്‍, സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ടി.സി.എച്ച് എന്നീ കമ്പനികളുടെ പ്രതിനിധികളാണ് സ്റ്റേഡിയം സന്ദര്‍ശിച്ചത്. 16ന് ചേര്‍ന്ന സ്റ്റേഡിയം വികസന കമ്മിറ്റി യോഗത്തിന്‍െറ തീരുമാനപ്രകാരമാണ് കമ്പനികളെ വിളിച്ചുവരുത്തിയത്. ബുധനാഴ്ച രാവിലെ 11ന് മുമ്പ് പദ്ധതിയുടെ പ്ളാനും എസ്റ്റിമേറ്റും തയാറാക്കി നഗരസഭക്ക് സമര്‍പ്പിക്കാനാണ് കമ്പനികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്കുശേഷം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ എസ്റ്റിമേറ്റും പ്ളാനും പാസാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കും. സ്റ്റേഡിയം നവീകരണത്തിന്‍െറ ഭാഗമായി ഡോര്‍മെറ്ററി റൂം, ജിംനേഷ്യം, മീഡിയ റൂം, വി.ഐ.പി റൂം, ടോയ്ലറ്റ് ബ്ളോക്, കഫറ്റേരിയ, ഡ്രസ് ചേഞ്ചിങ് റൂം, ലോക്കര്‍ റൂം, പ്ളയേഴ്സ് റൂം, പാര്‍ക്കിങ് ഏരിയ, സ്യൂട്ട് റും, മള്‍ട്ടി പര്‍പ്പസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, മെഡിക്കല്‍ റൂം, വൈഫൈ റൂം, സ്പോര്‍ട്സ് ഉപകരണങ്ങളുടെ വില്‍പനശാല, ഗ്യാരേജ് എന്നിവയടക്കമുള്ള വികസനമാണ് ലക്ഷ്യംവെക്കുന്നത്. കൂടാതെ എട്ടുവരിയിലുള്ള 400 മീറ്റര്‍ അത്ലറ്റിക് ട്രാക്ക്, 68x105 മീറ്റര്‍ ഫുഡ്ബാള്‍ കോര്‍ട്ട്, 68.5 മീറ്റര്‍ വ്യാസത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, ഹോക്കി, ബാസ്കറ്റ് ബാള്‍, വോളിബാള്‍, ഷട്ട്ല്‍, ബാഡ്മിന്‍റണ്‍ എന്നിവക്കായുള്ള വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ഒരുക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൂന്നുകോടി ചെലവുവരുന്ന ശാസ്ത്രീയമായ ഓടനിര്‍മാണം, 20 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന 25,000പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഗാലറി, എട്ടുകോടിയുടെ പവിലിയന്‍ നിര്‍മാണം, മൈതാനത്തിനായി 1.5 കോടിയുടെ പദ്ധതി, ഫ്ളഡ്ലിറ്റ് സംവിധാനത്തിന് 2.5 കോടി, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി അഞ്ചുകോടി, റോഡുകള്‍ക്കായി രണ്ടുകോടി, കവാടം-ലോബി എന്നിവക്കായി 50 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കായി ആകെ 48 കോടി രൂപയുടെ മാസ്റ്റര്‍ പ്ളാനാണ് സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡല്‍സിസാം, നഗരസഭ എന്‍ജിനീയര്‍ രഞ്ജി, കോശി തോമസ്, അഡ്വ. രഘുകുട്ടന്‍പിള്ള, ജിജി വട്ടശ്ശേരി, ഷാജി തിരുവല്ല, ജോസ് പഴയിടം, എം.പി. ഗോപാലകൃഷ്ണന്‍, റജിനോള്‍ഡ് വര്‍ഗീസ്, സി.എന്‍. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.