അനധികൃത പാര്‍ക്കിങ്; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

പത്തനംതിട്ട: അനധികൃത പാര്‍ക്കിങ് മൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. തിരുവല്ല-കുമ്പഴ റോഡില്‍ മസ്ജിദ് ജങ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെയുള്ള ഭാഗങ്ങളിലാണ് അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പലരും വാഹനങ്ങള്‍ ടി.കെ. റോഡിന്‍െറ വശങ്ങളില്‍ നിര്‍ത്തിയിടുകയാണ് പതിവ്. ഇതുമൂലം ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത് അവസ്ഥയാണ്. റോഡിലേക്ക് കയറ്റിയാണ് കാര്‍, ടെമ്പോ അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത്തരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ടി.കെ. റോഡിന്‍െറ വശങ്ങളില്‍ ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സേഫ് സോണ്‍ പദ്ധതി പ്രകാരം സ്ഥാപിച്ചിരുന്ന നോപാര്‍ക്കിങ് ബോര്‍ഡുകള്‍ വ്യാപാരികള്‍ മുറിച്ചു മാറ്റിയതാണ് അനധികൃത പാര്‍ക്കിങ്ങിന് കാരണമായതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. അതേസമയം, രാവിലെ ഓഫിസ് സമയങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് ശ്രമിക്കാറില്ളെന്നും ആരോപണം ഉയരുന്നുണ്ട്. രാവിലെ എട്ടു മുതല്‍ തിരക്കനുഭവപ്പെടുന്ന സെന്‍ട്രല്‍ ജങ്ഷനില്‍ ഒരു ഹോം ഗാര്‍ഡിനെ മാത്രമാണ് നിയമിക്കാറുള്ളത്. ഗതാഗതം നിയന്ത്രിക്കാന്‍ കുറഞ്ഞത് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട സ്ഥാനത്താണ് ഒരാളെ മാത്രം നിയോഗിക്കുന്നത്. അനധികൃത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ ഗതാഗതക്കുരുക്കിന് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.