ജില്ലാ പഞ്ചായത്തിനെതിരായ സി.പി.എം സമരം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ജില്ലാ പഞ്ചായത്തിനെതിരെ സി.പി.എം സമരവുമായി രംഗത്തുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ടയും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തിനെതിരെ ഒരുവിയോജനക്കുറിപ്പും രേഖപ്പെടുത്താത്ത പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് 28ന് ജില്ലാ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഹിതപരിശോധനക്ക് തങ്ങള്‍ തയാറാണെന്ന് നേതാക്കള്‍ പറഞ്ഞു. പദ്ധതിവിഹിതം നഷ്ടമാക്കുന്നു എന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നതെങ്കില്‍ കഴിഞ്ഞ ഭരണഘട്ടത്തെക്കാള്‍ 80 ശതമാനം പദ്ധതിച്ചെലവ് കൈവരിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാരം ലഭിച്ചു. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ റോഡുകള്‍ എല്ലാം പരിപാലിക്കാന്‍ കഴിഞ്ഞു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. ടോയ്ലറ്റ്, കുടിവെള്ളം, ബയോഗ്യാസ് പ്ളാന്‍റുകള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, നാപ്കിന്‍ ഡിസ്ട്രോയര്‍ എന്നിവ സ്ഥാപിച്ചു. കുട്ടികളുടെ മാനസികാരോഗ്യ വളര്‍ച്ചക്കായുള്ള ജില്ലാ പഞ്ചായത്തിന്‍െറ അഭിമാന പദ്ധതിയായ സാന്ത്വനം മാനസികാരോഗ്യ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചു. ആരോഗ്യ, കൃഷി മേഖലയിലുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. അംഗപരിമിതര്‍ക്ക് ട്രൈസ്കൂട്ടര്‍ വിതരണം നടത്തി. പട്ടികജാതി/വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി കോടികളുടെ പദ്ധതികള്‍ നടപ്പാക്കി. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്‍െറ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 9 ശബരിമല ഇടത്താവളങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്ന് കൊടുത്തു. അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സഞ്ചരിക്കുന്ന ആയുര്‍വേദാശുപത്രി എന്ന പദ്ധതി നടപ്പാക്കി. ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിറുടെ നേതൃത്വത്തിലുള്ള മൊബൈല്‍ യൂനിറ്റില്‍നിന്ന് സൗജന്യ ചികിത്സയും ലഭ്യമാക്കി വരുന്നതായും അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ടയും ബാബു ജോര്‍ജും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.