സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ജില്ല മെഡിക്കല്‍ ബോര്‍ഡ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു

പത്തനംതിട്ട: ഭിന്നശേഷിയുള്ളവര്‍ക്ക് വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഫറന്‍റ്ലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചു. എല്ലാ ചൊവ്വാഴ്ചയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൂടുന്ന മെഡിക്കല്‍ ബോര്‍ഡില്‍ 20 പേര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിനായി എത്തുന്ന വികലാംഗര്‍ ബുധനാഴ്ച വീണ്ടും സര്‍ട്ടിഫിക്കറ്റിനായി എത്തണം. രാവിലെ 8.30ന് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ അപേക്ഷ നല്‍കണം. ഇതിന് പുറമെ ഇവര്‍ക്ക് പ്രത്യേക ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനായ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 500 മുതല്‍ 1000 രൂപവരെ നല്‍കുകയും വേണം. സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ വികലാംഗരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിഫറന്‍റലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചത്. ജില്ലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശശികലയുമായി ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒരു മണിയോടെ ഉപരോധം പിന്‍വലിച്ചു. സമരം പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി ജില്ലാ പ്രസിഡന്‍റ് ടി.കെ. പുഷ്പന്‍ അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് അഡ്വ. വത്സന്‍ ടി. കോശി, പി.എസ്. വിനോദ്കുമാര്‍, സി.എസ്. തോമസ്, റെനീസ് മുഹമ്മദ്, കോന്നിയൂര്‍ പി.കെ., സജി കെ. സൈമണ്‍, അജിത് മണ്ണില്‍, അബ്ദുല്‍കലാം ആസാദ്, ബി. പ്രശാന്ത്കുമാര്‍, സുനില്‍ കുടശ്ശനാട് എന്നിവര്‍ സംസാരിച്ചു. ഒന്നര വര്‍ഷമായി അപേക്ഷ നല്‍കിയ മുഴുവന്‍ വികലാംഗര്‍ക്കും അന്നേ ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് പുന$സ്ഥാപിക്കാനും ആദ്യം അപേക്ഷ നല്‍കുന്ന 30 വികലാംഗര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും തുടര്‍ന്നുള്ള അപേക്ഷകള്‍ ടോക്കണ്‍ നമ്പറിട്ട് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനും സര്‍ട്ടിഫിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്ന അനധികൃത ഫീസ് പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ചര്‍ച്ചക്ക് സൂപ്രണ്ട് ഡോ. ശശികല, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ഭാരവാഹികളായ അഡ്വ. വത്സന്‍ ടി. കോശി, റെന്നീസ് മുഹമ്മദ്, പി.എസ്. വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.