ഡോക്ടറെ സ്ഥലം മാറ്റി; കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗ ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടറെ മുന്നറിയിപ്പ് ഇല്ലാതെ സ്ഥലം മാറ്റി. ഡോ. ക്രിസ്റ്റഫറിനെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്താതെ നിലക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ കാന്‍സറിന് തുടര്‍ചികിത്സയും പരിശോധനയും തേടുന്ന രോഗികളുടെ കാര്യം അവതാളത്തിലായി. സര്‍ക്കാറിന്‍െറ അപ്രതീക്ഷിതമായി ഈ സ്ഥലം മാറ്റ ഉത്തരവില്‍ കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഡോ. ക്രിസ്റ്റഫറിന് ആരോഗ്യ വകുപ്പ് തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്‍ററില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് പത്തനംതിട്ടയില്‍ നിയോഗിച്ചത്. ആര്‍.സി.സിയില്‍ കാന്‍സറിന് ചികിത്സ നടത്തിയ രോഗികളുടെ തുടര്‍പരിശോധനയും ചികിത്സയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയിരുന്നത് രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇവിടെ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഡോക്ടറെ മാറ്റിയത് ഇവിടെ ചികിത്സ തേടുന്ന രോഗികളെ വലക്കും. ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള അസി. സര്‍ജന്‍ തസ്തിക മാറ്റി ജില്ലാ നേത്ര മൊബൈല്‍ യൂനിറ്റിലേക്ക് നിയമിച്ചത് മൂലം ഒരു തസ്തികയുടെ കുറവ് വന്നു. ഇത് ആശുപത്രിയിലെ ഒ.പി, കിടത്തിച്ചികിത്സ, അത്യാഹിത വിഭാഗം തുടങ്ങിയവയെയും ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തിലാണ് തസ്തിക വെട്ടിക്കുറക്കുന്നത്.തിരക്കേറിയ സര്‍ക്കാര്‍ ആശുപത്രികളില്‍ അധികമായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ദീര്‍ഘകാലമായി കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവുമൂലം എല്ലാ ജില്ലകളിലെയും മേജര്‍ ആശുപത്രികളില്‍ പതിനാലോളം അസി. സര്‍ജന്‍ തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. നിലവിലുള്ള തസ്തികകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നേത്രരോഗ വിദഗ്ധരെ ജില്ലാ മൊബൈല്‍ യൂനിറ്റിലേക്ക് മാറ്റി നിയമിക്കണമെന്നും കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.