പത്തനംതിട്ട: പൊലീസ് ഇടപെടല്‍ ഇല്ലാത്തത് മൂലം പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിങ് തോന്നിയപോലെ. നഗരത്തില്‍ അനിയന്ത്രിത വാഹന പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. നഗരത്തില്‍ വണ്‍വേ പോലും തെറ്റിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവുകാഴ്ചയായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ അബാന്‍ ജങ്ഷന്‍ വരെ റോഡിന്‍െറ ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. പൊതുവെ വീതി കുറഞ്ഞ റോഡില്‍ പാര്‍ക്കിങ് കൂടി ആയതോടെ ഗതാഗതം താറുമാറായി. മിനിസിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ അബാന്‍വരെ വാഹന പാര്‍ക്കിങ് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്ത് കടകളിലും സിനിമ തിയറ്ററിലും എത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ തന്നെ പാര്‍ക് ചെയ്യുകയാണ്. വഴി അടച്ചാണ് കാറുകളും ബൈക്കുകളുമൊക്കെ പാര്‍ക്ക് ചെയ്യുന്നത്. പോസ്റ്റ് ഓഫിസ് റോഡിലും പാര്‍ക്കിങ് പൊതുജനത്തെ വലക്കുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്റ്റാന്‍ഡിന് മുന്നിലും വാഹനത്തിരക്കാണ്. ഇവിടുത്തെ ഓട്ടോ സ്റ്റാന്‍ഡ് കൈയേറിയാണ് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ഓട്ടോക്കാരുമായുള്ള തര്‍ക്കത്തിനും കാരണമാകാറുണ്ട്. നേരത്തേ സ്ഥിരമായി നഗരത്തിലെ അനിയന്ത്രിത പാര്‍ക്കിങ് തടയാന്‍ പൊലീസ് രംഗത്തുണ്ടായിരുന്നു. കുറെക്കാലമായി പൊലീസ് ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.