അടൂര്‍: അടൂരില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കാത്തതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുന്നില്ല. എം.സി റോഡ്, കായംകുളം-പത്തനാപുരം, അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതകള്‍, തട്ട-പത്തനംതിട്ട, ഏഴംകുളം-പത്തനംതിട്ട തുടങ്ങിയ പാതകളില്‍ ദിനവും ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മെഡിക്കല്‍ കോളജുകളിലേക്ക് വിദഗ്ധ ചികിത്സക്ക് അയക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് സേവനം യഥാസമയം കിട്ടാറില്ല. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും ഏറെ നേരം കാത്തിരുന്നിട്ടാണ് സര്‍ക്കാര്‍ ആംബുലന്‍സ് എത്തിയത്. പരിക്കേറ്റയാളെ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സര്‍ക്കാര്‍ ആംബുലന്‍സ് സമയത്ത് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനാലാണ് രോഗി മരിച്ചതെന്ന് പറയുന്നു. നേരത്തേ സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്തെങ്കിലും ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതുമൂലം മരിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ആംബുലന്‍സിന് ഏറെ നേരം കാത്തിരുന്നിട്ടും കിട്ടാതെ വരുമ്പോഴാണ് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടിവരുന്നത്. സ്വകാര്യ ആംബുലന്‍സുകളുടെ സേവനത്തിന് തോന്നിയ ചാര്‍ജാണ് ഈടാക്കുന്നതത്രെ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിലുണ്ടാകുന്ന കാലതാമസം നിമിത്തം മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. അടൂരില്‍ ജനറല്‍ ആശുപത്രി എന്നത് പേരില്‍ ഒതുങ്ങിനില്‍ക്കുകയാണ്. ഇപ്പോഴും റഫറല്‍ ആശുപത്രി തന്നയാണിവിടം. വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ല. സ്പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും സൗകര്യങ്ങളില്ലാത്തതും കാരണം പരിക്കേല്‍ക്കുന്നവരെ മെഡിക്കല്‍ കോളജുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.