അക്ഷയ സേവനങ്ങളിലെ മികവിന് ജില്ലക്ക് പുരസ്കാരം

പത്തനംതിട്ട: മികച്ച അക്ഷയ സേവനങ്ങള്‍ക്ക് ജില്ലക്ക് പുരസ്കാരം ലഭിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് അക്ഷയ അസി. ജില്ലാ കോഓഡിനേറ്റര്‍ ജി. മുരുകന്‍ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്തുത്യര്‍ഹസേവനം നല്‍കിയതിന് പുരസ്കാരം നേരത്തേ ലഭിച്ചിരുന്നു. ജില്ലയിലെ 86 അക്ഷയകേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കിയ വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര സേവനങ്ങള്‍ കൃത്യവും സമയ ബന്ധിതവുമായി ജനങ്ങളിലത്തെിക്കുക, നൂതന ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുക, ചിട്ടയായ ഓഫിസ് പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് വ്യാപനം, വിവിധ ബാങ്കുകളുടെ കിയോസ്കുകള്‍ എന്നിവ വിലയിരുത്തിയാണ് മികച്ച ജില്ലയായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയുടെ നൂതന ആശയമായ സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്ന് പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ ആരംഭിച്ചത് വിജയമായിരുന്നു. പിന്നീട് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി. പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന എന്നിവ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി. ഏറ്റവും കൂടുതല്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതിയും പത്തനംതിട്ടക്ക് ലഭിച്ചിരുന്നു. സമ്പൂര്‍ണ ആധാര്‍ എന്‍റോള്‍മെന്‍റ് പ്രഖ്യാപനം നടത്തിയ ജില്ലയും പത്തനംതിട്ടയാണ്. ജില്ലയിലെ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമിലൂടെ നടപ്പാക്കുന്നതിന്‍െറ ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അക്ഷയ ജില്ലാ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍െറ (സാമ്പത്തിക ഉള്‍പ്പെടുത്തലുകളുടെ) ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സെല്‍ രൂപവത്കരിച്ചിരുന്നു. 86 അക്ഷയകേന്ദ്രങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിവരുന്നു. കാലതാമസമില്ലാതെ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും ജില്ല മുന്നിലാണ്. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇ-ഗവേണന്‍സിനെ സംബന്ധിച്ചും അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കിവരുന്ന വിവിധ സേവനങ്ങളെ ആസ്പദമാക്കിയും ജില്ലയിലെ എല്ലാ ബ്ളോക്കിലും ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയ ഏക ജില്ല എന്ന ബഹുമതിയും പത്തനംതിട്ടക്ക് ലഭിച്ചു. പൊതുജനങ്ങളുടെ സംശയ നിവാരണത്തിനും പ്രശ്നപരിഹാരങ്ങള്‍ക്കുമായി അക്ഷയ ജില്ലാ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ച് സേവനം ഉറപ്പാക്കിയ ജില്ലയും പത്തനംതിട്ടയാണ്. പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് 38 അക്ഷയകേന്ദ്രങ്ങള്‍ കൂടി തുടങ്ങുന്നതിന് ക്രമീകരണം പൂര്‍ത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.