പൊലീസിന്‍െറ പ്രവര്‍ത്തനം സമനില തെറ്റിയനിലയില്‍ –കെ.പി. ഉദയഭാനു

പന്തളം: സമനില തെറ്റിയനിലയിലാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അകാരണമായി ലാത്തിച്ചാര്‍ജ് ചെയ്തതിലും പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ച് സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഴിയില്‍കിടന്ന പൊലീസുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോതൊഴിലാളിയെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. 16 വയസ്സുകാരനെ 18 വയസ്സായെന്നുകാട്ടി അന്യായമായി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിക്ക് ജാമ്യം നല്‍കുകയും പൊലീസിനെ കുറ്റപ്പെടുത്തുകയുമാണ് ചെയ്തത്. സമനില തെറ്റിയവര്‍ക്കെ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. പന്തളത്ത് പൊലീസ് ആര്‍.എസ്.എസിനെ സഹായിക്കുകയാണ്. ഏകപക്ഷീയമായി നടപടി തുടര്‍ന്നാല്‍ സി.പി.എമ്മിന് പ്രതികരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.പന്തളം പാര്‍ട്ടി ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി അഡ്വ.കെ.ആര്‍. പ്രമോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.കുമാരന്‍, രാധാരാമചന്ദ്രന്‍, ആര്‍. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹസന്‍ റാവുത്തര്‍, പി. രാജേഷ്, വി.ടി. വിദ്യാധരപ്പണിക്കര്‍, കെ.എന്‍. സരസ്വതി, സി.ബി. സജികുമാര്‍, ജയപ്രസാദ്, ബി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.