വികസന സമിതി യോഗങ്ങളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം

മല്ലപ്പള്ളി: മല്ലപ്പള്ളി വലിയതോട് നവീകരണവും ശുചീകരണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് അടുത്ത താലൂക്ക് വികസന സമിതിക്ക് മുമ്പായി പുരോഗതി അറിയിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് താലൂക്ക് വികസന സമിതി യോഗത്തില്‍ മാത്യു ടി. തോമസ് എം.എല്‍.എ നിര്‍ദേശം നല്‍കി. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ശുദ്ധജല പദ്ധതികളുമായി ബന്ധപ്പെട്ട് സാങ്കേതിക വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ടെന്‍ഡര്‍ വിളിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ എം.എല്‍.എ അറിയിച്ചു. പി.ഡബ്ള്യു.ഡി അധികൃതര്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളെയും മാത്രം ഉള്‍പ്പെടുത്തി 14ന് വൈകീട്ട് മൂന്നിന് തഹസില്‍ദാര്‍മാരുടെ ചേംബറില്‍ യോഗം കൂടുന്നതിനും തീരുമാനിച്ചു. താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളിലെ തട്ടുകടകളിലും ബേക്കറികളിലും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുന്നതിനായി രൂപവത്കരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ഈവനിങ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം തുടരുന്നതിനും യോഗം തീരുമാനിച്ചു. കല്ലൂപ്പാറയില്‍ ഉണ്ടായ ആന്ത്രാക്സ് രോഗബാധ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താലൂക്കിലെ എട്ടു പഞ്ചായത്തുകളിലെയും പക്ഷിമൃഗ ഫാമുകളില്‍ പരിശോധന നടത്തിയിട്ടുള്ളതായും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. താലൂക്കിലെ നിലവുള്ള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല ടാങ്കുകള്‍ സമയബന്ധിതമായി വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. മാത്യു ടി. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. മാത്യു, എഴുമറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതകുമാരി, ഹബീബ് റാവുത്തര്‍, വാളകം ജോണ്‍, കുരുവിള ജോര്‍ജ്, എം.ജെ. മാത്യു മേക്കരിങ്ങാട്ട്, ശശികുമാര്‍ ചെമ്പുകുഴി, പി.എന്‍. രാധാകൃഷ്ണപ്പണിക്കര്‍, റെജി പണിക്കമുറി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.