പെരിങ്ങര ശുദ്ധജല പദ്ധതി: പഴയ പൈപ്പുകള്‍ മാറ്റാന്‍ അഞ്ചുകോടിയുടെ പദ്ധതി

തിരുവല്ല: സംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായ പെരിങ്ങര ശുദ്ധജല പദ്ധതിയുടെ പഴയ ജലവിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് അഞ്ചുകോടിയുടെ പുതിയ പദ്ധതി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാം ഈപ്പന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ 7,70,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ജലസംഭരണി, പമ്പിങ് റൂം, ഒഫിസ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പഴയ കുഴലുകള്‍ മാറ്റിസ്ഥാപിക്കാതെ പദ്ധതി കമീഷന്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. പെരിങ്ങര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം എന്ന നിലയില്‍ 13വര്‍ഷം മുമ്പ് ലക്ഷ്യമിട്ട പദ്ധതിയാണ് അന്തിമഘട്ടത്തിലേക്ക് കടന്നത്. സ്വാമിപാലത്തിനു സമീപം പ്രോഗ്രസീവ് പൗരസമിതി ഏറ്റെടുത്ത് സര്‍ക്കാറിന് നല്‍കിയ 13 സെന്‍റ് സ്ഥലത്താണ് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. സംഭരണിയുടെ നിര്‍മാണത്തിനും വിതരണക്കുഴല്‍ സ്ഥാപിക്കുന്നതിനുമായി 3.92 കോടി രൂപയാണ് നീക്കിവെച്ചത്. തിരുവല്ലയിലെ ശുദ്ധീകരണ പ്ളാന്‍റില്‍നിന്ന് എത്തുന്ന വെള്ളം പുതിയ ടാങ്കില്‍ ശേഖരിച്ച് വീണ്ടും വിതരണം നടത്തുന്നതാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലെ പഴയ കുഴലുകള്‍ പൂര്‍ണമായും മാറുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. 2000-05 കാലഘട്ടത്തിലാണ് പഞ്ചായത്ത് സ്വന്തം ജലവിതരണ പദ്ധതിക്ക് തുടക്കമിട്ടത്. ടാങ്ക് പണിയാന്‍ സ്ഥലം ലഭിക്കാതിരുന്നത് പദ്ധതിക്ക് തടസ്സമായിരുന്നു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് റദ്ദായി. 2004ല്‍ മികച്ച പഞ്ചായത്തായി പെരിങ്ങര തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയും എം.പി, എം.എല്‍.എ ഫണ്ടുകളും വരള്‍ച്ചാദുരിതാശ്വാസവും ചേര്‍ത്ത് 77ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവല്ലയില്‍നിന്ന് പൈപ്പ്ലൈന്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ ടാങ്ക് പണിയാന്‍ 1.9 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിര്‍മാണം നടത്തിയിട്ടുള്ളത്. ഷിക്കാഗോ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.