ഭാര്യയും ഭര്‍ത്താവും സമീപവാര്‍ഡുകളില്‍

പത്തനംതിട്ട: ഭാര്യയും ഭര്‍ത്താവും മത്സരത്തിന് തെരഞ്ഞെടുത്തത് സമീപ വാര്‍ഡുകളില്‍. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ നിലവില്‍ വൈസ് പ്രസിഡന്‍റായ കരുണാകരന്‍ കടമ്മനിട്ടയും ഭാര്യ ഷീബ കരുണാകരനുമാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. അഞ്ചാം വാര്‍ഡിലാണ് കരുണാകരന്‍ കടമ്മനിട്ട മത്സരിക്കുന്നത്. ഭാര്യ ഷീബ എട്ടാം വാര്‍ഡിലും. കരുണാകരന്‍ കഴിഞ്ഞ തവണ പ്രതിനിധാനം ചെയ്തിരുന്ന എട്ടാം വാര്‍ഡ് ഇത്തവണ വനിതാ സംവരണമായപ്പോള്‍ ഭാര്യ ഷീബയെ മത്സരംഗത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ടര്‍മാരുടെ നിര്‍ബന്ധവും സ്ഥാനാര്‍ഥിത്വത്തിന് കാരണമായിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. സമീപവാര്‍ഡായ അഞ്ചിലേക്ക് കരുണാകരനും മാറി. ഇരുവരും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തവണ സ്വതന്ത്രനായിട്ടാണ് വിജയിച്ചതെങ്കിലും രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോള്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കി കരുണാകരന്‍ വൈസ് പ്രസിഡന്‍റാകുകയായിരുന്നു. ഇരുമുന്നണിയുടെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ഥികള്‍ ഇരുവര്‍ക്കുമെതിരെ മത്സരിക്കുന്നുണ്ട്. രാവിലെ ദമ്പതികള്‍ ഒന്നിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്. ആദ്യം ഭര്‍ത്താവിനെയും കൂട്ടി എട്ടാം വാര്‍ഡില്‍ ഭാര്യയുടെ പ്രചാരണം. ഇടക്ക് അഞ്ചാം വാര്‍ഡിലേക്ക് കരുണാകരന്‍ തനിയെ പോകും. ആത്മവിശ്വാസത്തിലാണ് ഇരുവരും. മക്കളായ അഖിലും മിഥുനും തിരുവനന്തപുരത്ത് വിദ്യാര്‍ഥികളാണ്. കായിക, കലാരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കരുണാകരന്‍ ആകാശവാണി ആര്‍ട്ടിസ്റ്റും വോളിബാള്‍ അസോസിയേഷന്‍ ഭാരവാഹിയും കൂടിയാണ്. പോളിടെക്നിക് അധ്യാപികയായിരുന്ന ഷീബ ഇപ്പോള്‍ കടമ്മനിട്ടയില്‍ അക്ഷയ സെന്‍റര്‍ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.