പന്തളം നഗരസഭയെ കാത്തിരിക്കുന്നത് പൊളിഞ്ഞുവീഴാറായ കമ്യൂണിറ്റി ഹാള്‍

പന്തളം: പന്തളം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഏതുനിമിഷവും നിലംപൊത്തുന്ന നിലയില്‍. പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്നാണ് (പുതിയ നഗരസഭാ ആസ്ഥാനം) കമ്യൂണിറ്റി ഹാള്‍ കം ഷോപ്പിങ് കോപ്ളക്സ്. പേരില്‍ മാത്രമാണ് കമ്യൂണിറ്റിയും ഷോപ്പിങ്ങും. ചോര്‍ന്നൊലിച്ച് ഏതുനിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് ഈ കെട്ടിട സമുച്ചയം. ഇരുനിലയിലായി വിവിധ വ്യാപാര സ്ഥാപനങ്ങളും കമ്യൂണിറ്റി ഹാളും ലൈബ്രറിയും ഈ കെട്ടിടത്തില്‍ തന്നെ സ്ഥിതിചെയ്യുന്നു. ലൈബ്രറിയില്‍ വൈദ്യുതി നിലച്ചിട്ട് കാലങ്ങളായി. പഞ്ചായത്ത് ബജറ്റില്‍ എല്ലാ വര്‍ഷവും ഷോപ്പിങ് കോപ്ളക്സ് നിര്‍മാണത്തിന് ഭരണാധികാരികള്‍ ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും തുടര്‍നടപടിയൊന്നും ആയില്ല. ഷോപ്പിങ് കോപ്ളക്സില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളിലായി നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ജീവന്‍ പണയംവെച്ചാണ് ഇവയില്‍ ജോലി ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കെട്ടിടം കുലുങ്ങാറുണ്ടെന്ന് വ്യാപാരികളും തൊഴിലാളികളും ഒരുപോലെ പറയുന്നു. ഷോപ്പിങ് കോപ്ളക്സിനോട് ചേര്‍ന്നുള്ള ഒരു കെട്ടിടം പുതുക്കിപ്പണിയാനായി പൊളിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ തറക്കല്ലിടാന്‍ പോലും നടപടിയായില്ല. സ്പെഷല്‍ ഗ്രേഡ് പഞ്ചായത്തെന്ന് ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന വികസന സൗകര്യംപോലും പന്തളത്തില്ല. നിലവിലെ കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ മരവും ഇപ്പോള്‍ ഭീഷണിയാകുന്നു. മരത്തിന്‍െറ വേരുകള്‍ ആഴത്തിലിറങ്ങി കെട്ടിടത്തിന്‍െറ അടിത്തറ അപകടാവസ്ഥയിലാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ആരുമില്ളെന്നതാണ് പന്തളത്തിന്‍െറ ശാപം. ഇനിയെല്ലാ പ്രതീക്ഷയും നഗരസഭയില്‍വെച്ച് ഉറ്റുനോക്കുകയാണ് ജനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.