പത്തനംതിട്ട: ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജന പ്രശ്നത്തിന് മുഖ്യമായി പ്രതീക്ഷയര്‍പ്പിക്കുന്ന സന്നിധാനത്തെ ബയോളജിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് ദേവസ്വം ബോര്‍ഡിന്‍െറ ഉദ്ഘാടന പ്രഹസനം. ഈ മാസം 19ന് പ്ളാന്‍റ് കമീഷന്‍ ചെയ്യുമെന്നാണ് പ്രഖ്യാപനമെങ്കിലും പണി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരും. കെട്ടിടം ഏതാണ്ട് പൂര്‍ത്തിയായി എന്നല്ലാതെ കേരളത്തില്‍തന്നെ ആദ്യത്തേതായ ഇത്തരം പ്ളാന്‍റിന്‍െറ സാങ്കേതികസംവിധാനങ്ങള്‍ സജ്ജമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് പണി പൂര്‍ത്തീകരണത്തിന് തടസ്സമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും തുടക്കം മുതല്‍ പദ്ധതി ഇഴയുകയായിരുന്നു. 2013ല്‍ തുടങ്ങിയ പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. ഇതിനിടെ പദ്ധതിയുടെ പുരോഗതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ശബരിമല മാസ്റ്റര്‍ പ്ളാന്‍ ഹൈപവര്‍ കമ്മിറ്റിക്കാണ് നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. വാസ്കോ എന്‍വയണ്‍മെന്‍റല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണി നടത്തുന്നത്. നവംബറില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍െറയും ഒരംഗത്തിന്‍െറയും കാലാവധി കഴിയുന്നതിനാല്‍ അതിന് മുമ്പ് ഉദ്ഘാടനം നടത്താനാണ് തിരക്കിട്ട നീക്കം. മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചിട്ടില്ല. ശബരിമലയിലെയും പമ്പയിലെയും മാലിന്യമാണ് പ്രദേശം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിന് പരിഹാരമെന്ന നിലയിലാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിക്കുന്നത്. ഓരോ വര്‍ഷവും പമ്പാനദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം കൂടിവരികയാണ്. ഇപ്പോള്‍ ഇതിന്‍െറ അളവ് പരസ്യപ്പെടുത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. കാരണം വെള്ളം ഉപയോഗിക്കുന്ന ജനം വല്ലാതെ ഭയപ്പെടും. കഴിഞ്ഞ വര്‍ഷവും ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്റര്‍ ജലത്തില്‍ രണ്ടു ലക്ഷത്തിലേറെയായിരുന്നു. അനുവദനീയമായ അളവിന്‍െറ നൂറിരട്ടിയിലധികം. സന്നിധാനത്ത് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ജനബാഹുല്യം ഉണ്ടാകുമ്പോള്‍ മനുഷ്യവിസര്‍ജ്യവും മറ്റ് മാലിന്യവും ചെറിയ അരുവികളിലൂടെ ഞുണുങ്ങാറിലും അതുവഴി പമ്പയിലും എത്തുന്നു. ഇതു തടയാന്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കണമെന്നത് ദശാബ്ദത്തിലേറെയായുള്ള ആവശ്യമാണ്. നിലവില്‍ പമ്പയില്‍ ഒരു കെമിക്കല്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെറിക് ക്ളോറൈഡ് ഉപയോഗിച്ചുള്ള ട്രീറ്റ്മെന്‍റ് കൊണ്ട് 30 ശതമാനം ജലം പോലും വൃത്തിയാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി ബയോളജിക്കല്‍ പ്ളാന്‍റ് ആരംഭിച്ചത്. പ്ളാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഇവിടെ സന്ദര്‍ശിച്ച നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍ജിനീയറിങ് തലവന്‍ അഭിപ്രായപ്പെട്ടത്. ബാക്ടീരിയകളെ ഉല്‍പാദിപ്പിച്ച് നടത്തുന്ന ട്രീറ്റ്മെന്‍റാണ് പദ്ധതിയുടെ രീതി. ഇത് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോഴേക്കും ഈ വര്‍ഷത്തെ സീസണ്‍ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.