അങ്കണവാടി കെട്ടിടം ഒഴിപ്പിച്ചു; കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു

തിരുവല്ല: കോടതി ഉത്തരവിനെ തുടര്‍ന്ന് അങ്കണവാടി കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു. നഗരസഭാ 38 ാം വാര്‍ഡിലെ മുത്തൂര്‍ 31 ാം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കോടതി ജീവനക്കാരുടെ നേതൃത്വത്തില്‍ പൊലീസിന്‍െറ സഹായത്തോടെ ഒഴിപ്പിച്ചത്. കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കോരിച്ചൊരിയുന്ന മഴയില്‍ മുത്തൂര്‍-ചുമത്ര റോഡ് ഉപരോധിച്ചു. മുത്തൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടി ഒഴിയണം എന്നാവശ്യപ്പെട്ട് കരയോഗം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കെട്ടിടം ഒഴിപ്പിക്കാന്‍ ഉത്തരവായത്. 2007ല്‍ എന്‍.എസ.്എസ് സമര്‍പ്പിച്ച ഹരജിയില്‍ 2010-ല്‍ അനുകൂലവിധി ഉണ്ടായിരുന്നു. എന്നാല്‍ കോടതിവിധിയെ ചോദ്യംചെയ്ത് ടീച്ചര്‍ വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചു. 2012-ല്‍ അപ്പീല്‍ തള്ളി കോടതി ഉത്തരവായി. വീണ്ടും മാതാപിതാക്കളില്‍ ചിലര്‍ സമര്‍പ്പിചച്ച പരാതികളെ തുടര്‍ന്ന് വിധി നടപ്പാക്കാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു. കെട്ടിടം ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ആമീന്‍ അടക്കമുള്ള കോടതി ജീവനക്കാര്‍ എത്തിയെങ്കിലും ഒരാഴ്ചത്തെ അവധി ആവശ്യപ്പെട്ടതിനാല്‍ ഉത്തരവ് നടപ്പിലാക്കാതെ തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാന്‍ തയാറാവാത്തതിനാലാണ് ചൊവ്വാഴ്ച പൊലീസിന്‍െറ സഹായത്തോടെ കെട്ടിടം ഒഴിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോയതോടെ എം.എല്‍.എ ഇടപെട്ട് മുത്തൂര്‍ സ്കൂളില്‍ അങ്കണവാടി തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.