കുളനട തീര്‍ഥാടന വിശ്രമകേന്ദ്രം അവഗണനയില്‍

പന്തളം: ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി. കുളനടയില്‍ നോക്കാന്‍ ആളില്ലാത്ത ഒരു തീര്‍ഥാടന വിശ്രമകേന്ദ്രം. പില്‍ഗ്രിം അമിനിറ്റി സെന്‍റര്‍ എന്ന് വിനോദസഞ്ചാര വകുപ്പ് പേരിട്ടിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിനാണ് ഈ ദുര്‍ഗതി. അവലോകനയോഗം ഒന്നു കഴിഞ്ഞെങ്കിലും അവിടെയും സെന്‍റര്‍ പുനരുദ്ധാരണം ചര്‍ച്ചയായില്ല. എല്ലാ വകുപ്പുകളും യോഗത്തില്‍ തീര്‍ഥാടകര്‍ക്ക് ആധുനിക സൗകര്യം നല്‍കുമെന്ന് പറയുമെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് കാടുവെട്ടിത്തെളിക്കുമെങ്കിലും തീര്‍ഥാടന കാലം കഴിയുന്നതിന് മുമ്പുതന്നെ വീണ്ടും ഇതിന്‍െറ പരിസരം കാടാകും. വിനോദ സഞ്ചാര വകുപ്പോ മറ്റ് ബന്ധപ്പെട്ട അധികാരികളോ സെന്‍ററിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ തയാറായിട്ടില്ല. കുളനട പഞ്ചായത്തിലെ കൈപ്പുഴ അച്ചന്‍കോവിലാറിന്‍െറ തീരത്താണ് ഈ സെന്‍റര്‍ സ്ഥാപിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ക്ക് സ്നാനഘട്ടം, കിടക്കുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പ്രത്യേകമുറികളും ഡോര്‍മിറ്ററികളും ഈ സെന്‍ററിലുണ്ട്. കൂടാതെ അടുക്കള, ടോയ്ലെറ്റ് ബ്ളോക്, വിശാലമായ പാര്‍ക്കിങ് ഗ്രൗണ്ട് എല്ലാം ഇവിടെയുണ്ട്. എന്നാല്‍, ഇത് സംരക്ഷിക്കാന്‍ വേണ്ടപ്പെട്ടവരില്ല എന്നതാണ് കേന്ദ്രം നേരിടുന്ന ദുര്‍ഗതി. തുടക്കം മുതല്‍ ഇതുതന്നെയാണ് ഇവിടത്തെ പരാതി. ആദ്യഘട്ടത്തില്‍ വിനോദസഞ്ചാര വകുപ്പ് നേരിട്ട് നടത്തിയെങ്കിലും പിന്നീട് സ്വകാര്യവ്യക്തികളാണ് നടത്തിപ്പുകാര്‍. വിനോദസഞ്ചാരവകുപ്പ് തീര്‍ഥാടകരെ ആഹാര കാര്യത്തില്‍ പിഴിയാന്‍ തുടങ്ങിയതോടെയാണ് സെന്‍ററിനെ കൈയൊഴിഞ്ഞത്. വരുമാനം കുറഞ്ഞതോടെ വിനോദസഞ്ചാര വകുപ്പും തീര്‍ഥാടക വിശ്രമകേന്ദ്രത്തെ തഴഞ്ഞു. ഇതാണ് ലേലത്തില്‍ തീര്‍ഥാടന കേന്ദ്രം സ്വകാര്യ വ്യക്തികളുടെ കൈയിലത്തൊന്‍ വഴിതെളിച്ചത്. അതോടെ ഇവിടം മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി. പരാതികളേറിയതോടെ ഇത് പഞ്ചായത്ത് അധികൃതര്‍ ഏറ്റെടുത്ത് സീസണ്‍ സമയത്ത് തുറന്നു തുടങ്ങിയത്. ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രത്തിന്‍െറ ബോര്‍ഡും കാണാനില്ല. അടുക്കളയോടു ചേര്‍ന്നുള്ള മുറികളില്‍ തെരുവുനായ്ക്കളും ഇഴജന്തുക്കളും താമസമാക്കി. ശേഷിച്ച വിശ്രമകേന്ദ്രത്തിന്‍െറ ഭാഗങ്ങളെല്ലാം കാടുകയറി കാണാന്‍ കഴിയാത്ത സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.