പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായെന്ന് അധികൃതര്‍ പറഞ്ഞു. 25 ലക്ഷം ടിന്‍ അരവണയും അഞ്ചുലക്ഷം കവര്‍ അപ്പവും കരുതല്‍ ശേഖരമായുണ്ട്. തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കാനായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ ആരംഭിച്ചു. സ്പെഷല്‍ സര്‍വിസിനായി ഇത്തവണ 400 ബസ് സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ലോഫ്ളോര്‍ ബസുകളാണ് ഇത്തവണത്തെ പ്രത്യേകത. പമ്പ-നിലക്കല്‍ ചെയിന്‍ സര്‍വിസിനായി ആദ്യഘട്ടത്തില്‍ 100 ബസ് ക്രമീകരിക്കും. പ്രധാന ഡിപ്പോകളില്‍നിന്നെല്ലാം പമ്പ സര്‍വിസ് ഉണ്ടാകും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പക്ക് ബസ് സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും. ശബരിമലയിലേക്കുള്ള വാഹനഗതാഗതം സുരക്ഷിതവും സുഗമവും ആക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍െറ സേഫ് സോണ്‍ പദ്ധതിയും തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. റെയില്‍വേ ഇത്തവണ 294 സ്പെഷല്‍ ട്രെയിനുകളാണ് ശബരിമല തീര്‍ഥാടനം പ്രമാണിച്ച് ഓടിക്കുക. ആറ് എക്സ്പ്രസ് ട്രെയിനുകള്‍ക്കുകൂടി ചെങ്ങന്നൂരിലും തിരുവല്ലയിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്ക് കുറക്കാനായി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം ഇത്തവണ വിപുലമാക്കി. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആറ് ലക്ഷത്തോളമാണ് ഇത്തവണ. 27 രാജ്യങ്ങളില്‍നിന്ന് ഇതുവരെ ബുക്കിങ് വന്നിട്ടുണ്ട്. ഇത്തവണ രാമമൂര്‍ത്തി മണ്ഡപത്തില്‍ പത്തും എരുമേലി വഴി വരുന്നവര്‍ക്കായി പമ്പ ഗണപതികോവിലിലും വെര്‍ച്വല്‍ ക്യൂ കൗണ്ടറുകള്‍ അധികമായി നാളെമുതല്‍ തുറക്കും. തിരക്ക് ഒഴിവാക്കാനായി അപ്പം, അരവണ പ്രസാദക്കിറ്റുകള്‍ ഓണ്‍ലൈനിലൂടെ ബുക് ചെയ്ത് പ്രത്യേക കൗണ്ടര്‍ വഴി വാങ്ങാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും കര്‍ശന സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. തീര്‍ഥാടനകാലത്ത് എ.ഡി.ജി.പി കെ. പത്മകുമാര്‍ പൊലീസ് ചീഫ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കും. പൊലീസിനെ ആറ് ഘട്ടമായും എസ്.പിമാരെ നാലുഘട്ടമായും വിന്യസിക്കും. സന്നിധാനത്തും പമ്പയിലും ഓരോ എസ്.പി ആയിരിക്കും സ്പെഷല്‍ ഓഫിസര്‍മാര്‍. ആരോഗ്യവകുപ്പ് സന്നിധാനത്തും പമ്പയിലുമായി താല്‍ക്കാലിക ആശുപത്രികളും തുറന്നിട്ടുണ്ട്. അഞ്ചുകോടി മുടക്കി നിര്‍മിച്ച ആശുപത്രി കോംപ്ളക്സില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സ ലഭിക്കും. പ്ളാസ്റ്റിക് കൊണ്ടുവരുന്നത് പൂര്‍ണമായും ഒഴിവാക്കാനായി ബോധവത്കരണം നടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ സ്ക്വാഡിന്‍െറ പരിശോധന ചൊവ്വാഴ്ചമുതല്‍ ആരംഭിക്കും. എല്ലാ താല്‍ക്കാലിക ഹോട്ടലുകളിലും ഭക്ഷണവില പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.