തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ക്രമീകരണങ്ങളായില്ല

തിരുവല്ല: ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ അയ്യപ്പഭക്തരെ സ്വീകരിക്കാന്‍ ഒരുക്കം ഒന്നുമില്ല. ഇവിടെ വന്നിറങ്ങുന്ന ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല. തിരുവല്ലയില്‍ നിര്‍ത്താത്ത ട്രെയിനുകള്‍ക്ക് തീര്‍ഥാടനകാലത്ത് അനുവദിക്കുന്ന സ്റ്റോപ്പിന്‍െറ കാര്യത്തിലും തീരുമാനമായില്ല. തീര്‍ഥാടനകാല മുന്നൊരുക്കം മുന്‍ വര്‍ഷങ്ങളില്‍ അവലോകനം ചെയ്യാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുമുണ്ടായില്ല. തീര്‍ഥാടനകാലത്തു മാത്രം നിര്‍ത്തുന്ന ട്രെയിനുകളുടെ പട്ടികയും പുറത്തിറങ്ങിയില്ല. സ്റ്റോപ്പില്ലാത്ത ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ പട്ടികയില്‍ തിരുവല്ല ഇല്ലാത്തതിനാല്‍ മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ തീര്‍ഥാടകര്‍ക്കും സാധ്യമല്ല. ഈ പ്രശ്നം നേരത്തേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടിയില്ല. തീര്‍ഥാടനകാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്കുമുമ്പ് ഭക്തര്‍ ടിക്കറ്റ് ബുക് ചെയ്ത് തുടങ്ങും എന്നതിനാല്‍ ഏറെ വൈകി സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ല. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഇല്ല. പുരുഷന്മാര്‍ക്കായി രണ്ട് ടോയ്ലറ്റും രണ്ട് ബാത്ത് റൂമുകളും ഉണ്ട്. ഒരു ബാത്ത് റൂമും ഒരു ടോയ്ലറ്റുമാണ് സ്ത്രീകള്‍ക്കായുള്ളത്. വിവരാന്വേഷണ കൗണ്ടര്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മും അധികൃതര്‍ പൊളിച്ചുകൊണ്ടുപോയി. തീര്‍ഥാടകരെ ലക്ഷ്യമാക്കി ആരംഭിച്ച പ്രീപെയ്ഡ് ഒട്ടോ സംവിധാനം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്ളാറ്റ് ഫോമില്‍ ഭൂരിഭാഗം പ്രദേശത്തും മേല്‍ക്കൂരയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിലും തിരുവല്ലയോടുള്ള അവഗണന തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.