പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള എല്ലാ തീര്‍ഥാടന പാതകളിലും മൊബൈല്‍ കവറേജ് സുഗമമാക്കാന്‍ നടപടി സ്വീകരിച്ചതായി പത്തനംതിട്ട ജില്ലാ ടെലികോം ജനറല്‍ മാനേജര്‍ വി. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റാന്നി-വടശ്ശേരിക്കര-പമ്പ, പത്തനംതിട്ട-വടശ്ശേരിക്കര-പമ്പ, ചറ്റാര്‍ - അച്ചന്‍കോവില്‍ - പമ്പ, അത്തിക്കയം - പെരിനാട് - പമ്പ, കാഞ്ഞിരപ്പള്ളി-എരുമേലി-പമ്പ തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം മൊബൈല്‍ കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനന പാതയോരങ്ങളില്‍ സജ്ജീകരിച്ച മൊബൈല്‍ റിപ്പീറ്ററുകളും വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ടവറുകളും തീര്‍ഥാടകര്‍ക്ക് മൊബൈല്‍ സേവനം ഉറപ്പുനല്‍കും. എല്ലാ വര്‍ഷത്തെയും പോലെ പ്ളാപ്പള്ളിയില്‍ ക്രമീകരിക്കുന്നതിന് പുറമെ അട്ടത്തോടിനും നിലക്കലിനും മധ്യേ വാഹനത്തില്‍ ഘടിപ്പിച്ച ഒരു ടവര്‍കൂടി വനംവകുപ്പിന്‍െറ അനുമതി ലഭ്യമായാല്‍ ഉടന്‍ സ്ഥാപിക്കും. അട്ടത്തോടിന് ശേഷം നിലവില്‍ കവറേജില്ലാത്ത നാല് കിലോ മീറ്റര്‍ ദുരത്തിലും കവറേജ് ലഭ്യമാക്കും. ഇപ്പോള്‍ അട്ടത്തോട് വരെ 95 ശതമാനം മൊബൈല്‍ കവറേജുണ്ട്. പമ്പയിലും ശബരിമലയിലും ശരംകുത്തിയിലുമുള്ള ടവറുകള്‍ക്ക് പുറമെ മണ്ഡലകാലം പ്രമാണിച്ച് പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും ടവര്‍ പ്രവര്‍ത്തന സജ്ജമാകും. പുതുതായി ഈ വര്‍ഷം പമ്പ ഗെസ്റ്റ് ഹൗസിലും ശബരിമല കസ്റ്റമര്‍ സര്‍വിസ് സെന്‍ററിലും 2ജി, 3ജി ടവറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലും മൊബൈല്‍ കവറേജ് ലഭ്യമാക്കും. ശബരിമല, പമ്പ, ശബരിമലയിലേക്കുള്ള പ്രധാന പാതകള്‍ എന്നിവിടങ്ങളിലേക്ക് 3ജി സര്‍വിസ് ലഭ്യമാണ്. കൂടാതെ തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ശബരിമല റൂട്ടുകളിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലുള്ള എല്ലാ ടവറുകളുടെയും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കും. മുപ്പതോളം എസ്.ടി.ഡി ബൂത്തുകള്‍ പമ്പയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുണ്ട്. പരാതിരഹിത ടെലികോം സേവനത്തിനായി ബി.എസ്.എന്‍.എല്‍ സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചു. പൊലീസ്, ദേവസ്വംബോര്‍ഡ്, ജീവനക്കാര്‍ക്കും തീര്‍ഥാടക ക്ഷേമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും ബി.എസ്.എന്‍.എല്‍ കുടകള്‍, തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവര്‍ വിതരണം ചെയ്യും. ബി.എസ്.എന്‍.എല്‍ സൈന്‍ബോര്‍ഡുകളും സ്ഥാപിക്കും. പമ്പ മുതല്‍ സന്നിധാനം വരെ 20 ഓക്സിജന്‍ പാര്‍ലറുകള്‍, ഹോട്ട്ലൈന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഗവിയില്‍ 3ജി ടവര്‍ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വനംവകുപ്പിന്‍െറ ഭാഗത്തുനിന്നുമുള്ള അനുമതി വൈകുന്നതിനാലാണ് പ്രവര്‍ത്തനം വൈകുന്നത്. ഇത് സ്ഥാപിച്ചുകഴിഞ്ഞാല്‍ കൊച്ചുപമ്പ, പുല്‍മേട്, കാളകെട്ടി, മുളകുടി തുടങ്ങിയ സ്ഥലങ്ങളിലും കവറേജ് ലഭിക്കും. ഈ വര്‍ഷം ശബരിമലയില്‍ മൂന്ന്, പമ്പ - രണ്ട്, ശരംകുത്തി ഒന്ന് എന്നീ ക്രമത്തില്‍ ആറ് ടവറുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമലയിലും പമ്പയിലുമായി മൂന്ന് ടവറുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഉടന്‍ തന്നെ കൈപ്പട്ടൂര്‍, തോലുഴം, മലയാലപ്പുഴ തുടങ്ങിയ പത്തോളം സ്ഥലങ്ങളില്‍ 3ജി സൗകര്യം ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ജനറല്‍ മാനേജര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.