വിമതര്‍ എന്ന തലവേദന ജില്ലയില്‍ നിര്‍ണായകം; ഇരുമുന്നണിയെയും ബാധിക്കും

പത്തനംതിട്ട: കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും വിമതരും സ്വതന്ത്രരും ഇരുമുന്നണിക്കും ജില്ലയില്‍ തലവേദന സൃഷ്ടിക്കുന്നു. നഗരസഭകളിലും ഗ്രാമ, ബ്ളോക് വാര്‍ഡുകളിലും വിമതരും സ്വതന്ത്രരും കളം നിറഞ്ഞ്  നില്‍ക്കുകയാണ്. പാര്‍ട്ടി നേതൃത്വം വിമതന്മാരെ പുറത്താക്കിയിട്ടുണ്ടെങ്കിലും ഇവര്‍ ഇത് കാര്യമാക്കിയിട്ടില്ല. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നതാണ്. മിക്ക സ്ഥലത്തും ശക്തരായ റെബല്‍ സ്ഥാനാര്‍ഥികള്‍ തന്നെയാണുള്ളത്.
ബുധനാഴ്ച നിശ്ശബ്ദ പ്രചാരണമാണെങ്കിലും ഏതുവിധേനയും വോട്ട് ഉറപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും  മുന്നണികള്‍ പുറത്തെടുക്കും. ആടി നില്‍ക്കുന്ന വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കാനും ഊര്‍ജിത നീക്കമാണ് നടക്കുന്നത്. ചില വാര്‍ഡുകളില്‍ നടക്കുന്ന അടിയൊഴുക്കുകള്‍ മുന്‍കൂട്ടി കാണാനും കഴിയില്ല. അത്രമാത്രം രഹസ്യസ്വഭാവത്തിലുള്ളതാകും ഇത്. ഇതോടൊപ്പം ചില വാര്‍ഡുകളില്‍ വോട്ട് കച്ചവടവും ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ ഫലം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. എന്നാല്‍, എല്‍.ഡി.എഫ് ഇത് തള്ളിക്കളയുന്നു. ഇക്കുറി വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്.കഴിഞ്ഞ തവണത്തെ ത്രിതല പഞ്ചായത്തുകളില്‍ വ്യക്തമായ ആധിപത്യം യു.ഡി.എഫിനായിരുന്നു. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 11 ഇടത്ത് യു.ഡി.എഫിനായിരുന്നു വിജയം. എട്ടു ബ്ളോക് പഞ്ചായത്തുകളില്‍ ഏഴെണ്ണവും കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയിരുന്നു. മൂന്നു നഗരസഭകളിലും ഭരണവും ലഭിച്ചിരുന്നു. പിന്നീട് തിരുവല്ല നഗരസഭയില്‍ ചില മാറ്റങ്ങള്‍ അരങ്ങേറി. 54 ഗ്രാമപഞ്ചായത്തുകളില്‍ 40ലും യു.ഡി.എഫ് ഭരണമായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് ഇവര്‍ വോട്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ അഴിമതി, വര്‍ഗീയത, വിലക്കയറ്റം, റബര്‍ വിലയിടിവ് ഇതൊക്കെ യു.ഡി.എഫിന്‍െറ തകര്‍ച്ചക്ക് വഴിവെക്കുന്ന പ്രധാന ഘടകങ്ങളായി മാറിയതായാണ് എല്‍.ഡി.എഫ് പറയുന്നത്.  ഇക്കുറി എല്‍.ഡി.എഫില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാത്തതും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ കഴിഞ്ഞതുമൊക്കെ അവരുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ബി.ജെ.പിയും വലിയ പ്രതീക്ഷയില്‍ തന്നെയാണ്. ചില ഗ്രാമപഞ്ചായത്തുകളുടെ ഭരണം പോലും നേടുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യവും ഈ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.