കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം ഇഴയുന്നു

കോന്നി: നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. നിര്‍മാണച്ചുമതലയുള്ള എച്ച്.എല്‍.എല്ലിന് സര്‍ക്കാറില്‍നിന്ന് 23 കോടിയോളം ലഭിക്കാനുണ്ട്. ഫണ്ട് അപര്യാപ്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിന്‍െറ ഓരോ മേഖലയിലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 240 തൊഴിലാളികള്‍ രാവുംപകലുമായി ഒരുപോലെ ജോലി ചെയ്തിടത്ത് ഇപ്പോള്‍ 60 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡില്‍നിന്ന് 26 കോടി അനുവദിച്ച് ധനകാര്യ വകുപ്പിന്‍െറ കൈവശം എത്തിയിട്ടുണ്ട്. ഈ പണം ധനവകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുകയും ആ പണം നിര്‍മാണ കമ്പനിക്ക് കൈമാറുകയും വേണം. എങ്കിലേ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പുനരാരംഭിക്കാന്‍ കഴിയൂ. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്‍െറ 80 ശതമാനം പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. യൂനിറ്റ് ഒന്ന്, രണ്ട്, മൂന്ന് കെട്ടിടങ്ങളുടെ അഞ്ചു നിലകളുടെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള പണി പൂര്‍ത്തിയായി. ഇതില്‍ രണ്ടു ബ്ളോക്കിലെയും വയറിങ് പുരോഗമിച്ചു വരികയാണ്. ജലവിതരണ-ഫയര്‍ ലൈനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള നഴ്സിങ് കോളജ് കെട്ടിടത്തിന്‍െറ അടിത്തറയുടെ നിര്‍മാണവും പുരോഗമിച്ചു വരികയാണ്. ആശുപത്രി കെട്ടിടത്തിന് 3,15,000 സ്ക്വയര്‍ മീറ്ററും നഴ്സിങ് കോളജ് കെട്ടിടം 1,15,000 സ്ക്വയര്‍ ഫീറ്റുമാണുള്ളത്. 2014 മേയിലാണ് നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. 2016 മേയ് വരെയാണ് നിര്‍മാണ കാലാവധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.