കോന്നി മുളവീടുകളുടെയും പേപ്പര്‍ നിര്‍മാണ യൂനിറ്റ് കെട്ടിടത്തിന്‍െറയും ഉദ്ഘാടനം 21ന്

കോന്നി: കോന്നി ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട അടവിയിലെ മുള നിര്‍മിത വീടുകളുടെയും ആനത്താവളത്തിലെ പേപ്പര്‍ നിര്‍മാണ യൂനിറ്റിനായി നിര്‍മിച്ച കെട്ടിടത്തിന്‍െറയും കുമ്മണ്ണൂരിലെ മാതൃകാ വനം സ്റ്റേഷന്‍െറയും ഉദ്ഘാടനം 21ന് വൈകുന്നേരം മൂന്നിനു നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ, കലക്ടര്‍ എസ്. ഹരികിഷോര്‍, ഗ്രാമ, ബ്ളോക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ബാംബൂ കോര്‍പറേഷന്‍, വനംവകുപ്പ് അധികൃതര്‍ എന്നിവര്‍ പങ്കെടുക്കും. അടവിയില്‍ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി ആറു മുളവീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. സംസ്ഥാന ബാംബൂ കോര്‍പറേഷന്‍ നിര്‍മിച്ച വീടുകളില്‍ ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കല്ലാര്‍ നദീതീരത്താണ് കുടിലുകള്‍. കല്ലാറിലെ കുട്ടവഞ്ചി സവാരിയിലും പങ്കെടുത്ത് കാടുകണ്ട് അടവിയില്‍ തങ്ങാവുന്ന സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. 350 ഏക്കറില്‍ വിവിധ പദ്ധതികളാണ് അടവി ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ഒരുങ്ങുന്നത്. അടവിയില്‍ തുറസ്സായ ആനത്താവളം ആരംഭിക്കുന്നതിനുള്ള നടപടിയും പൂര്‍ത്തിയായി വരികയാണ്. തുറസ്സായ ആനത്താവളത്തിലേക്ക് സ്വകാര്യ വ്യക്തി നല്‍കിയ ഇന്ദ്രജിത് എന്ന ആനയെ ഏതാനും മാസങ്ങളായി കോന്നി ആനത്താവളത്തില്‍ സംരക്ഷിച്ച് വരികയാണ്. കോന്നി ആനത്താവളത്തില്‍ ആനപ്പിണ്ടത്തില്‍നിന്ന് നിര്‍മിക്കുന്ന പേപ്പര്‍ നിര്‍മാണ യൂനിറ്റിനായി പുതുതായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ആധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുക. നിലവില്‍ പേപ്പര്‍ നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ജില്ലാ പൈതൃക മ്യൂസിയത്തിനായി വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ആനത്താവളത്തില്‍ സാംസ്കാരിക വകുപ്പിന് വിട്ടുനല്‍കിയിട്ടുള്ള മൂന്നു കെട്ടിടങ്ങളുടെ നവീകരണവും ആരംഭിച്ചു. സാംസ്കാരിക വകുപ്പ് നേരിട്ടാണ് പണി നടത്തുന്നത്. 2016 ഫെബ്രുവരിയില്‍ പൈതൃകമ്യൂസിയം തുറന്നു നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.