പ്രതിഷേധം മാസ്റ്റര്‍ പ്ളാന്‍ അട്ടിമറിക്കാനെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാന്‍ –എല്‍.ഡി.എഫ്

പത്തനംതിട്ട: കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം മാസ്റ്റര്‍പ്ളാന്‍ അട്ടിമറിക്കാനായിരുന്നുവെന്ന ചെയര്‍മാന്‍െറ പ്രസ്താവന ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എല്‍.ഡി.എഫ് നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍. നഗരസഭാ സെക്രട്ടറിയെ പ്രതിയാക്കി പത്തനംതിട്ട പൊലീസ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസുകള്‍ എടുത്തശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് വ്യാഴാഴ്ച ചേര്‍ന്നത്. സെക്രട്ടറിക്കെതിരെ പ്രതിപക്ഷം വിഷയം ഉന്നയിക്കുമെന്ന് മനസ്സിലാക്കി അതിനെ മറികടക്കാനാണ് ചെയര്‍മാന്‍ അടിയന്തര യോഗം വിളിച്ചത്. മാസ്റ്റര്‍പ്ളാന്‍ പാസാക്കുക എന്ന ഉദ്ദേശ്യമായിരുന്നില്ല ഭരണസമിതിയുടേത്. അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ നിരവധി അജണ്ടകളാണുണ്ടായിരുന്നത്. മാസ്റ്റര്‍ പ്ളാന്‍ അംഗീകരിക്കുന്നതിനെ എല്‍.ഡി.എഫ് എതിര്‍ത്തിരുന്നില്ല. സെക്രട്ടറിക്കെതിരെയുള്ള കേസുകള്‍ ചര്‍ച്ച ചെയ്യണമെന്ന് മാത്രമാണ് എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമിതിയുടെ ശ്രമഫലമായാണ് മാസ്റ്റര്‍ പ്ളാന്‍ കാലോചിതമായി പരിഷ്കരിച്ചത്. 2010ല്‍ തന്നെ പൂര്‍ത്തിയാക്കിയ പ്ളാനിനുമേല്‍ അഞ്ചു വര്‍ഷം അടയിരുന്ന ഭരണസമിതി എല്‍.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ എല്ലാ അജണ്ടകളും പാസായതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചശേഷമാണ് സെക്രട്ടറിയെ എല്‍.ഡി.എഫ് ഉപരോധിച്ചത്. മാസ്റ്റര്‍പ്ളാന്‍ വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. സാങ്കേതിക അംഗീകാരം മാത്രമാണ് വേണ്ടത്. അഴിമതിക്കെതിരെ എല്‍.ഡി.എഫിന്‍െറ നിലപാടിന്‍െറ പേരില്‍ മാസ്റ്റര്‍പ്ളാന്‍ അട്ടിമറിക്കാനുള്ള നീക്കം ഭരണസമിതി ഉപേക്ഷിക്കണമെന്നും സക്കീര്‍ ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.