അപകട വളവിന് വിനയായി കൈയേറ്റവും

വടശേരിക്കര: മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിലെ വടശേരിക്കര പഴയ എസ്.ബി.ടി ബാങ്കിനോട് ചേര്‍ന്നുള്ള കൊടുംവളവാണ് സ്ഥിരമായി അപകട ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നത്. അവിടെയാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി കെട്ടിടം പണിത് മുറ്റം കെട്ടി അപകടക്കെണി ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്ത് ശബരിമല റോഡ് ദേശീയ നിലവാരത്തില്‍ വികസിപ്പിച്ച് അപകട വളവുകളുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളില്‍ ടൈലുകള്‍ പാകുകയും ചെയ്തിരുന്നു. അപ്പോഴും വടശേരിക്കരയില്‍ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ഈ അപകട വളവിന്‍െറ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാതിരുന്നത് അവിടെ അനധികൃതമായി കെട്ടിടം പണിയുന്നവരെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ദേശീയ പ്രാധാന്യമുള്ള റോഡുകളുടെ സമീപത്ത് കെട്ടിടം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ടുന്ന ദൂരപരിധിയും വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് ഉയര്‍ന്ന കെട്ടിടമാണ് ഇവിടുത്തേതെന്നും ഇതിന് പഞ്ചായത്ത് വഴിവിട്ട് സഹായിച്ചു എന്നുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ശബരിമല റോഡിന്‍െറ വശങ്ങള്‍ കൈയേറി കെട്ടിടം ഉടമ മുറ്റം കെട്ടിയെടുത്തിരിക്കുന്നത്. വളവിനോട് ചേര്‍ന്നുള്ള ഭാഗം സ്വകാര്യ വ്യക്തി കൈയേറുന്നതോടെ പിന്നീടൊരിക്കലും റോഡ് നേരെയാക്കാന്‍ കഴിയാതെ വരും. ഗതാഗതക്കുരുക്കേറിയ ഈ വളവിലേക്ക് വന്നുചേരുന്ന മാര്‍ക്കറ്റ് റോഡും ബംഗ്ളാംകടവ് വണ്‍വേയും ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമെന്ന ആശങ്കയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിടെ റോഡിന് വീതികൂട്ടി മൂന്നുറോഡുകളിലേക്കും വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ സിഗ്നല്‍ സംവിധാനവും സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്. റോഡ് സൈഡ് സ്വകാര്യ വ്യക്തി മതില്‍കെട്ടി എടുത്തതോടെ ഈ ഒരു ആവശ്യത്തിന് പ്രസക്തി ഇല്ലാതെയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.