അലനല്ലൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വേതനമില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിലാണ്. കഴിഞ്ഞ വർഷം ഡിസംബർ 15നാണ് അവസാനമായി പണം ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്ര സർക്കാറിെൻറ പുതിയ നയം മൂലം വിദഗ്ധ തൊഴിൽ പ്രവർത്തികൾക്ക് മുൻഗണന നൽകണമെന്ന നിർദേശം വന്നതോടെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഈ പ്രഹരത്തിെൻറ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് രണ്ടാമത്തെ ഇരുട്ടടിയായി വേതനവും ഇല്ലാതായത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ അലനല്ലൂരിൽ രണ്ട് കോടിയോളം രൂപ ചെലവഴിച്ചെങ്കിലും ഇപ്പോഴും ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് 70 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. കഴിഞ്ഞ മാസം വരെ വിവിധ വാർഡുകളിൽ വിദഗ്ധ തൊഴിൽ പ്രവർത്തികൾ നടന്നിരുന്നു. ഇതിൽ സാമഗ്രികൾക്കും നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നു. ജോലി കഴിഞ്ഞ് 14 ദിവസത്തിനകം വേതനം ലഭ്യമാക്കണമെന്നാണ് നിയമം. തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിതരല്ലാത്തതിനാൽ ഇതിനെതിരെ ശക്തമായ സമരങ്ങളും ഇല്ല. ഓഡിറ്റിന് പുറമെ ഗ്രാമസഭകളിലെ സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്ന പദ്ധതി കൂടിയാണിത്. ഈ പ്രശ്നം പരിഹരിക്കാതെ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ അലനല്ലൂർ പഞ്ചായത്ത് ഭരണസമിതി ബി.ഡി.ഒ, ജില്ല ഓഫിസർ എന്നിവർക്ക് പരാതി നൽകി. സമാന പ്രശ്നങ്ങൾ നിലനിൽക്കുന്ന പഞ്ചായത്തുകളെയും ഏകോപിപ്പിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അലനല്ലൂർ പഞ്ചായത്ത്. യോഗത്തിൽ പ്രസിഡൻറ് ഗിരിജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മെഹർമാൻ ടീച്ചർ, തൊഴിലുറപ്പ് ചുമതലയുള്ള വികസന സമിതി ചെയർമാൻ റഷീദ് ആലായൻ, ചെയർപേഴ്സൻ സുനിത, ചെയർമാൻ ഉമ്മർ ഖത്താബ്, സുദർശന കുമാർ, റഹ്മത്ത്, രാധാകൃഷ്ണൻ, മുസ്തഫ, മുഹമ്മദാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.