നോട്ടുക്ഷാമം: ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ താളപ്പിഴ

പാലക്കാട്: ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് ഇനിയും വേണ്ടത് 17 കോടി രൂപ. ചെസ്റ്റ് ബാങ്കുകളില്‍നിന്ന് ട്രഷറികളിലേക്ക് ആവശ്യത്തിന് പണമത്തെിക്കാത്തതാണ് വിതരണം വൈകാന്‍ കാരണം. തുക വിതരണം ചെയ്യാന്‍ കഴിയാതെ സഹകരണ സംഘങ്ങള്‍ വിഷമിക്കുകയാണ്. ഒരുമാസത്തെ മുന്‍കൂര്‍ ഉള്‍പ്പെടെ മൂന്ന് മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 68 കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനകം 52 കോടി രൂപ വിതരണം ചെയ്തു. ബാക്കി 17 കോടി രൂപ ഇനിയും വിതരണം ചെയ്യാനുണ്ടെന്ന് സഹകരണ സംഘം അധികൃതര്‍ പറഞ്ഞു. സബ് ട്രഷറികളിലേക്ക് കറന്‍സിനോട്ട് എത്തിക്കുന്നതില്‍ ദേശസാത്കൃത ബാങ്കുകള്‍ വിമുഖത കാട്ടുകയാണെന്ന്് ആക്ഷേപമുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് നേരത്തേതന്നെ എത്തിച്ചു. അവശത അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനത്തിന്‍െറ ഭാഗമായാണ് സഹകരണ സംഘങ്ങള്‍ മുഖേന പെന്‍ഷന്‍ എത്തിക്കാന്‍ തീരുമാനിച്ചത്. സബ് ട്രഷറികളില്‍ ആവശ്യത്തിന് പണം എത്താത്തതിനാല്‍ ഭാഗികമായി മാത്രമേ ക്ഷേമപെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ കഴിയുന്നുള്ളൂ. ആര്‍.ബി.ഐയില്‍നിന്ന് മതിയായ കറന്‍സി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സ്റ്റേറ്റ് ബാങ്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 28ന് ആരംഭിച്ച ക്ഷേമപെന്‍ഷന്‍ വിതരണമാണ് ജില്ലയില്‍ ഇഴഞ്ഞുനീങ്ങുന്നത്. ശമ്പളദിനങ്ങളില്‍ കറന്‍സി കൂടുതല്‍ എത്തിയിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ നോട്ടുപ്രതിസന്ധി വീണ്ടും രൂക്ഷമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.