കടപ്പാറ ഭൂപ്രശ്നം ഉന്നതതല സമിതി പരിശോധിക്കും

വടക്കഞ്ചേരി: മംഗലംഡാം കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസി ഭൂമി പ്രശ്നം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ തീര്‍പ്പിന് വിട്ടു. മാര്‍ച്ചിനകം പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മിച്ചഭൂമി കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റിയാണ് വിഷയം പരിഗണിക്കുക. വനംവകുപ്പിന്‍െറ പരാതി സമിതി പരിശോധിക്കും. വനം, റവന്യൂ, എസ്.സി/എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ ഒരു വര്‍ഷമായി ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. 2016 ജനുവരി 15നാണ് ഇവര്‍ സമരം ആരംഭിച്ചത്. ഭൂവിതരണത്തിന് ജില്ല കലക്ടര്‍ നടപടി സ്വീകരിച്ചെങ്കിലും വനംവകുപ്പിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രശ്നത്തില്‍ വനംമന്ത്രി രാജുവും പട്ടികവര്‍ഗ ക്ഷേമമന്ത്രി എ.കെ. ബാലനും തമ്മില്‍ പരസ്യമായ വാക്ക്പോര് നടന്നിരുന്നു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ മൂര്‍ത്തിക്കുന്നില്‍ സമരപന്തല്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫിസിലേക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിച്ചു. പ്രശ്നത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത സംസ്ഥാനതലത്തിലേക്ക് വ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.