കാര്‍ഷിക മേള തുടങ്ങി; താരമായി ചക്കവണ്ടി

പാലക്കാട്: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ കണ്ടത്തൊനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ കാര്‍ഷിക മേള ടൗണ്‍ ഹാളില്‍ ആരംഭിച്ചു. ‘പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന’ യുടെ ഭാഗമായാണ് മേള. ചക്കപ്പഴം കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന ചക്കവണ്ടിയാണ് മേളയുടെ പ്രധാന ആകര്‍ഷണം. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ തയാറാക്കിയ പ്രദര്‍ശന-വിപണന സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ‘ആത്മ’ കാര്‍ഷിക വികസന കേന്ദ്രം, കൃഷിവകുപ്പ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, മണ്ണ്-ജലം സംരക്ഷണ വകുപ്പ്, ഐ.ആര്‍.ടി.സി മുണ്ടൂര്‍, സോയില്‍ സര്‍വേ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുഴല്‍മന്ദം ബ്ളോക്ക് എന്നിവയാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഗ്രോ ബാഗ്, പച്ചക്കറി തൈകള്‍, ജൈവ പച്ചക്കറികള്‍, നീര്‍ത്തട മോഡല്‍, കിണര്‍ റീചാര്‍ജിങ്, ബയോഗ്യാസ് പ്ളാന്‍റ്, മണ്ണിര കമ്പോസ്റ്റ്, സൂക്ഷ്മ കൃഷിക്ക് വെള്ളം എത്തിക്കുന്ന കൃഷി ഉപകരണങ്ങള്‍, ഇക്കോ ഷോപ് എന്നിവ കൂടാതെ വിവിധയിനം മണ്ണിനങ്ങള്‍, പച്ചക്കറിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, കൊണ്ടാട്ടം, ആയുര്‍വേദ മരുന്നുകള്‍, ഗാര്‍ഹിക നിര്‍മാണ വസ്തുക്കള്‍, വിവിധയിനം വിത്തുകള്‍, കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍, കീടനാശിനികള്‍, വളങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്. തച്ചനാട്ടുകാര ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ (ടാപ്കോ) ജൈവവളം വിതരണം ചെയ്യുന്നതിനുള്ള വാഹനം, ജൈവ കൃഷിയിലൂടെ സുമതി സുരേഷ് എന്ന കര്‍ഷക ഒറ്റ ചുവട്ടില്‍ വിളയിച്ച 45 കി.ഗ്രാം ഭാരമുള്ള മരച്ചീനി എന്നിവ മേളയില്‍ കൗതുകമുണര്‍ത്തുന്നു. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയപരമായ മാറ്റങ്ങളിലൂടെ മാത്രമേ കാര്‍ഷിക വളര്‍ച്ച സാധ്യമാവൂയെന്ന് അദ്ദേഹം പറഞ്ഞു. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി. വിജയദാസ് എം.എല്‍.എ കാര്‍ഷിക സെമിനാര്‍, പി.എം.കെ.എസ്.വൈ സ്റ്റാള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു, ജില്ല പഞ്ചായത്ത് അംഗം മുരുകദാസ്, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഗിരിജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.പി. ശോഭ, ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.എക്സ്. ജെസ്സി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.