പറമ്പിക്കുളം–ആളിയാര്‍: പുനരവലോകനത്തിന് തടസ്സം തമിഴ്നാടിന്‍െറ പിടിവാശി

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ (പി.എ.പി) നദീജല കരാര്‍ പുനരവലോകനത്തിന് തടസ്സം തമിഴ്നാടിന്‍െറ പിടിവാശി. വരള്‍ച്ച രൂക്ഷമായ 2013ലുണ്ടായ മന്ത്രിതല ചര്‍ച്ചയില്‍ കരാര്‍ പുനരവലോകനവും വിഷയമായെങ്കിലും തമിഴ്നാടിന്‍െറ നിസ്സഹകരണംമൂലം തുടര്‍ ചര്‍ച്ചയുണ്ടായില്ല. നിലവിലെ കരാര്‍ നിരന്തരം ലംഘിക്കുകയും കേരളത്തിലെ ജലസേചന പദ്ധതികള്‍ക്കുപോലും എതിര് നില്‍ക്കുകയും ചെയ്യുന്ന തമിഴ്നാട് പി.എ.പി കരാര്‍ പുനരവലോകനത്തിന് സന്നദ്ധമാവാനുള്ള സാധ്യത വിദൂരമാണെന്ന് ജലവിഭവവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കരാര്‍ പുനരവലോകനം വേണമെന്ന കേരളത്തിന്‍െറ ആവശ്യം ജലവിഭവ മന്ത്രി മാത്യു ടി. തോമസ് കഴിഞ്ഞ ദിവസം വീണ്ടും ഉന്നയിച്ചെങ്കിലും തമിഴ്നാട് പ്രതികരിച്ചിട്ടില്ല. അന്തര്‍സംസ്ഥാന നദികളായ പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നിവയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് 1958ലാണ് കേരളവും തമിഴ്നാടും തമ്മില്‍ പി.എ.പി ധാരണപത്രം ഒപ്പിട്ടത്. ഒരോ 30 വര്‍ഷം കൂടുമ്പോഴും കരാര്‍ പുനരവലോകനം ചെയ്യണമെന്നായിരുന്നു ഉപാധി. ഇതുപ്രകാരം 1988 നവംബറില്‍ ആദ്യപുനരവലോകനം വേണ്ടിയിരുന്നു. ഇതിനായി ആ വര്‍ഷം തന്നെ നടപടി തുടങ്ങിയെങ്കിലും കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ധാരണ രൂപപ്പെടുത്താനായിട്ടില്ല. മന്ത്രിതല ചര്‍ച്ചയിലെ തീരുമാനപ്രകാരം കരാര്‍ പുനരവലോകനത്തിന് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതികസമിതി രൂപവത്കരിക്കുകയും 2003 മേയില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇരു സംസ്ഥാനങ്ങളും അവരവരുടെ ആവശ്യങ്ങള്‍ കൈമാറി. 2009ലെ ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലെ ധാരണപ്രകാരം കരാര്‍ പുനരവലോകനത്തിനായി പാക്കേജിന് രൂപം നല്‍കി. 2013ലെ മന്ത്രിതല കൂടിക്കാഴ്ചയില്‍ പാക്കേജ് പരാമര്‍ശിക്കപ്പെട്ടെങ്കിലും വിശദചര്‍ച്ച ഉണ്ടായില്ല. ചിറ്റൂര്‍ പുഴയിലേക്ക് ഒരു ജലവര്‍ഷം നല്‍കുന്ന വെള്ളത്തിന്‍െറ അളവ് 7.25 ടി.എം.സിയില്‍നിന്ന് 10.5 ടി.എം.സിയായി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍െറ പ്രധാന ആവശ്യം. പറമ്പിക്കുളം സിസ്റ്റം ഡാമുകളില്‍നിന്ന് നിശ്ചിത അളവില്‍ വെള്ളം ലഭ്യമാക്കണമെന്നും ഷോളയാര്‍ ഡാമുകളിലത്തെുന്ന വെള്ളം ആനുപാതികമായി പങ്കിടണമെന്നും കേരളം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളാണ്. അടുത്ത ആഴ്ച ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആളിയാര്‍-ശിരുവാണി അണക്കെട്ടുകളില്‍നിന്ന് കുടിവെള്ളാവശ്യത്തിന് അടിയന്തരമായി ജലം വിട്ടുനല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച മാത്രമാകും നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.