മഴക്കുറവും വിലയിടിവും ാ കാര്‍ഷിക മേഖല കരിനിഴലില്‍

കല്ലടിക്കോട്: മഴക്കുറവ് കാരണം മലയോര കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമായത് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി. കരിമ്പ ഗ്രാമപഞ്ചായത്തിലും പരിസരങ്ങളിലും രണ്ട് വര്‍ഷമായി മഴലഭ്യത തുലോം കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. റബര്‍, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഏലം, പച്ചക്കറി, വാഴ എന്നീ ഇനങ്ങള്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്ന മേഖലയാണിത്. റബറിന്‍െറ വിലക്കുറവ് കാരണം മൂന്ന് മാസം മുമ്പ് വരെ ടാപ്പിങ് നിര്‍ത്തിവെച്ച തോട്ടങ്ങളുണ്ട്. ഇത്തരം തോട്ടങ്ങളില്‍ ടാപ്പിങ് പുനരാരംഭിച്ചെങ്കിലും വെട്ടിയെടുക്കുന്ന പാലിന്‍െറ ലഭ്യത കുത്തനെ കുറഞ്ഞിട്ടുണ്ട്. വന്യമൃഗശല്യം, തൊഴിലാളികളുടെ ക്ഷാമം എന്നിവ അതിജീവിച്ചും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വിളകളുടെ ഉല്‍പാദനക്കുറവും വിലയിടിവും കൂനിന്മേല്‍ കുരുവായിരിക്കുകയാണ്. തേങ്ങയുടെ ലഭ്യത കുറയുന്ന സമയമായിട്ടും തുച്ഛമായ വിലയാണ് കിട്ടുന്നത്. തേങ്ങ വലിക്കാന്‍ കൂലി ഇനത്തില്‍ ചെലവഴിക്കുന്ന തുക കഴിഞ്ഞ് കാര്യമായൊന്നും മിച്ചം കിട്ടാത്ത അവസ്ഥയുണ്ട്. ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ മൂപ്പത്തൊത്ത തേങ്ങയുടെ കൊഴിച്ചിലും രൂക്ഷമാണ്. കുന്നിന്‍ പ്രദേശങ്ങളില്‍ തെങ്ങുകളുടെയും കവുങ്ങുകളുടെയും പട്ട വന്‍തോതില്‍ ഉണങ്ങി വീഴുന്നു. കുരുമുളക് പൂവ് കൊഴിയുന്നത് ഉല്‍പാദനക്കുറവിന് ആക്കംകൂട്ടിയതായി കര്‍ഷകര്‍ പറയുന്നു. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ തിരിച്ചടവിന് വഴിമുട്ടുന്ന സാഹചര്യമാണ് മേഖലയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.