പട്ടാമ്പി താലൂക്ക് വികസന സമിതി: പോക്കുവരവില്‍ പൊട്ടിത്തെറി

പട്ടാമ്പി: പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും കൊമ്പുകോര്‍ക്കുന്ന പതിവുരീതി വിട്ട് പോക്കുവരവിലുടക്കിയുള്ള പൊട്ടിത്തെറിക്കാണ് ഇത്തവണ പട്ടാമ്പി താലൂക്ക് വികസനസമിതി വേദിയായത്. ഭൂമിയുടെ പോക്കുവരവ് ചെയ്യാത്തതിനാല്‍ പട്ടയം കിട്ടിയ 86 കുടുംബങ്ങള്‍ക്ക് നികുതിയടക്കാന്‍ കഴിയാത്തത് കഴിഞ്ഞമാസം വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നന്ദവിലാസിനി അമ്മ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ ദുരിതമനുഭവിക്കുന്ന മുതുതലയിലെ 87 കുടുംബങ്ങളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠനാണ് ഇത്തവണ രോഷാകുലനായത്. വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി വായ്പകള്‍ക്കും മറ്റും ഉപയോഗപ്പെടുത്താനാവുന്നില്ളെന്നും ഇനിയും അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ താലൂക്ക് ഓഫിസിനു മുന്നില്‍ പ്രത്യക്ഷ സമരം നടത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം വില കുറച്ചുകാട്ടി രജിസ്റ്റര്‍ ചെയ്തത് ദിവസങ്ങള്‍ക്കകം പോക്കുവരവ് നടത്തിയ കാര്യം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി ചൂണ്ടിക്കാട്ടി. അതേസമയം, അഞ്ചും പത്തും സെന്‍റുകാര്‍ക്കാണ് പോക്കുവരവ് നിഷേധിക്കുന്നത്. വില്ളേജിലെ അടിസ്ഥാന രേഖകള്‍ ശരിയാക്കാതെ പോക്കുവരവ് നടത്താനാവില്ളെന്ന് തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. മുതുതലയില്‍ ജനങ്ങളുടെ പരാതികേട്ട് വ്യവസ്ഥകള്‍ ബോധ്യപ്പെടുത്താന്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചു. കുലുക്കല്ലൂരില്‍ വില്ളേജ് ഓഫിസറില്ലാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസം പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് നൂറുദ്ദീന്‍ ഉന്നയിച്ചു. വണ്ടുംതറ-കട്ടിപ്പാറ, മുളങ്കാവ്-വല്ലപ്പുഴ, ചുണ്ടമ്പറ്റ-വിളയൂര്‍ റോഡുകളുടെ തകര്‍ച്ചയും പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളാണെന്നും പ്രസിഡന്‍റ് പറഞ്ഞു. വിളയൂര്‍-കൊപ്പം റോഡിനോട് ചേര്‍ന്നുള്ള വിവിധ പോസ്റ്റുകളും പരസ്യങ്ങളും നീക്കാന്‍ നടപടി വേണമെന്ന് വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി ആവശ്യപ്പെട്ടു. കൊടുമുണ്ട ഗവ. ഹൈസ്കൂള്‍, പെരുമുടിയൂര്‍ ഗവ. ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന മയക്കുമരുന്ന് വിപണനം തടയണമെന്ന് മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എം. നീലകണ്ഠനും ആവശ്യപ്പെട്ടു. കൂറ്റനാട് സെന്‍ററില്‍ ട്രാഫിക് തടസ്സമൊഴിവാക്കാന്‍ പൊലീസ് സേവനം വേണമെന്നും സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്ത പ്രശ്നം പരിഹരിക്കണമെന്നും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രജിഷ ആവശ്യപ്പെട്ടു. വിദേശമദ്യ വില്‍പനയില്‍ എക്സൈസ് വകുപ്പ് നടപടിയെടുക്കാത്തതിലും അവര്‍ പ്രതിഷേധിച്ചു. പരുതൂരിലെ മയക്കുമരുന്ന് വില്‍പനയും കുടിവെള്ള പ്രശ്നവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ശാന്തകുമാരി സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റും ലാബ് ടെക്നീഷ്യനും വേണമെന്ന് ഡോ. ഗീത ആവശ്യപ്പെട്ടു. വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ പഞ്ചായത്തുകളില്‍ മാലിന്യം തള്ളുന്നതില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നിര്‍ദേശിച്ചു. കൊപ്പം പഞ്ചായത്തിലെ കിഴുമുറിയില്‍ അനാഥരായി കഴിയുന്ന നീലി, കാളി സഹോദരിമാരെ സഹായിക്കാന്‍ പട്ടികജാതി വികസന ഓഫിസര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. മഴ മാറിയാലുടന്‍ കൊപ്പം-വളാഞ്ചേരി റോഡ് പ്രവൃത്തി പുനരാരംഭിക്കുമെന്നും അടിയന്തര കുഴിയടക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പട്ടാമ്പി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.എം. പുഷ്പജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. അബ്ദുറഹ്മാന്‍, എന്‍.പി. വിനയകുമാര്‍ അഡീഷനല്‍ തഹസില്‍ദാര്‍മാരായ ശറഫുദ്ദീന്‍, ടി.പി. കിഷോര്‍, ഗിരിജാദേവി എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.