മതിയായ ഫണ്ടില്ല; മഴക്കാല പൂര്‍വ ശുചീകരണം പാതിവഴിയില്‍

ഷൊര്‍ണൂര്‍: മതിയായ ഫണ്ടില്ലാത്തതിനാല്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണം പാതിവഴിയിലായി. മഴക്കാലം പടിവാതില്‍ക്കലത്തെിനില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് നഗരഭരണാധികാരികളും ആരോഗ്യ വിഭാഗവും. ശുചിത്വമിഷന്‍, ദേശീയ ആരോഗ്യ പദ്ധതി എന്നിവയില്‍നിന്ന് ഓരോ വാര്‍ഡിലേക്കും നല്‍കുന്ന പതിനായിരം രൂപ വീതവും അതത് തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ടില്‍നിന്നും അനുവദിക്കുന്ന അയ്യായിരം രൂപയും വിനിയോഗിച്ചാണ് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള ശുചീകരണം നടത്തേണ്ടത്. കുറച്ചു ഭാഗത്തെ അഴുക്കുചാലുകളിലെ മണ്ണും മറ്റും പുറത്തെടുത്തിട്ടുണ്ടെങ്കിലും ചാലുകളുടെ വക്കത്ത് തന്നെ ഇവ കൂട്ടിയിട്ടതിനാല്‍ മൂന്ന് നാല് ദിവസം പെയ്ത മഴയില്‍ ഇവ ചാലിലേക്ക് തന്നെ ഒലിച്ചിറങ്ങി വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് ഈ പ്രവൃത്തികള്‍ നടത്തേണ്ടതെങ്കിലും ഭൂരിഭാഗം വാര്‍ഡുകളിലും ഈ കമ്മിറ്റികള്‍ രൂപവത്കരിക്കുകപോലും ചെയ്തിട്ടില്ല. നഗരസഭയിലെ പ്രധാന ടൗണുകളായ ഷൊര്‍ണൂര്‍, കുളപ്പുള്ളി എന്നിവിടങ്ങളിലെ അഴുക്കുചാലുകള്‍ വൃത്തിഹീനമാണ്. യഥാസമയങ്ങളില്‍ ഇവ വൃത്തിയാക്കാത്തതിനാല്‍ മഴക്കാലങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനാകാത്ത സാഹചര്യമാകും. ഷൊര്‍ണൂര്‍ ടൗണില്‍ തന്നെ റോഡിനിരുവശത്തും അഴുക്കുചാലുകള്‍ തന്നെ ഇല്ലാത്ത സ്ഥിതിയായിട്ടുണ്ട്. ഇതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മഴവെള്ളത്തോടൊപ്പം വിവിധ മാലിന്യങ്ങളും റോഡിലൂടെ പരന്നൊഴുകിയിരുന്നു. ഇത് ഷൊര്‍ണൂരിലെ ജനങ്ങളില്‍ പകര്‍ച്ചവ്യാധി ഭീതിയുണ്ടാക്കുന്നുണ്ട്. ടൗണിലെ ഹോട്ടലുകളില്‍നിന്നും റെയില്‍വേ സ്റ്റേഷനില്‍നിന്നുമുള്ള മലിന വസ്തുക്കള്‍ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതും ഗുരുതര പ്രശ്നമാണ്. കൊതുക് നശീകരണത്തിനും ഇതുവരെ ഒരു നടപടിയും നഗരസഭാ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മഴക്കാല രോഗങ്ങള്‍ പടര്‍ത്തുന്നത് കൊതുകുകളാണെന്നിരിക്കെ അധികൃതര്‍ ഇതൊക്കെ സ്വാഭാവിക കാര്യങ്ങളായിട്ടാണ് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കൈകാര്യം ചെയ്യുന്നത് എന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.