പാലക്കാട്: കഥകളിയില്‍ കൃഷ്ണനും ശിവനും വേഷം പകര്‍ന്നാടിയ മുസ്ലിം സഹോദരങ്ങള്‍ കഥകളി പ്രേമികളുടെ മനം കവര്‍ന്നു. തൃശൂര്‍ വടക്കഞ്ചേരി ഓട്ടുപാറയില്‍ റഹ്മാന്‍-ഷാഹിദ ദമ്പതികളുടെ മക്കളായ ജഹനാര റഹ്മാനും നിഹാല്‍ റഹ്മാനുമാണ് കൃഷ്ണന്‍െറയും ശിവന്‍െറയും വേഷങ്ങള്‍ പകര്‍ന്നാടിയത്. കല്ളേക്കുളങ്ങര കഥകളി ഗ്രാമത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘കൃഷ്ണാഷ്ടകം’ എന്ന പേരില്‍ സംഘടിപ്പിച്ച കഥകളി അരങ്ങിലാണ് സഹോദരങ്ങളുടെ അവതരണം നടന്നത്. കഥകളിയിലെ കൃഷ്ണാവതാരത്തിന്‍െറ വിവിധ ഘട്ടങ്ങളുടെ രംഗാവതരണമാണ് കൃഷ്ണാഷ്ടകം. നരകാസുരവധം, രുഗ്മിണീ സ്വയംവരം, കല്യാണസൗഗന്ധികം, കുചേലവൃത്തം, സുഭദ്രാഹരണം, ദുര്യോധന വധം, കിര്‍മീരവധം, ബാണായുദ്ധം എന്നീ കഥകളിലെ പ്രണയലോലനും രക്ഷാപുരുഷനും ഭക്തവല്‍സലനും നയചതുരനും രാജ്യതന്ത്രജ്ഞനും ശത്രുസംഹാര വ്യഗ്രനും ബന്ധുജന പരിപാലന തല്‍പരനുമായ കൃഷ്ണന്‍െറ വിവിധ ഭാവങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. ദുര്യോധന വധത്തിലെ കൃഷ്ണന്‍െറ വേഷം ജഹനാര റഹ്മാന്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ സഹോദരന്‍ നിഹാല്‍ റഹ്മാന്‍ ബാണായുദ്ധത്തിലെ ശിവനായി കസറി. കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ നാട്ടുകാരാണ് ഈ കലാപ്രതിഭകള്‍. ജഹനാര കഥകളിക്ക് പുറമെ കൂടിയാട്ടവും മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. കൂടിയാട്ടത്തില്‍ ബാലിവധത്തിലെ ബാലി, തോരണയുദ്ധത്തിലെ രാവണന്‍ എന്നീ വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. കൂടിയാട്ടം അവതരിപ്പിക്കുന്ന ആദ്യത്തെ മുസ്ലിം കലാകാരിയാണ്. എറണാകുളം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജഹനാര. വടക്കാഞ്ചേരി അത്താണി ജെ.എം.ജെ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ് നിഹാല്‍. കലാമണ്ഡലം വെങ്കിട്ടരാമന്‍െറ കീഴിലാണ് ഇവര്‍ രണ്ടുപേരും കഥകളി അഭ്യസിക്കുന്നത്. കൂടിയാട്ടത്തില്‍ കലാമണ്ഡലം കനകകുമാറാണ് ജഹനാരയുടെ ഗുരു. രണ്ടുപേരും ആദ്യമായാണ് ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.