അട്ടപ്പാടി കീഴടക്കാന്‍ തമിഴ്നാട്ടില്‍നിന്ന് പട്ടിപ്പട

അഗളി: അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ അട്ടപ്പാടിയിലേക്ക് തമിഴ്നാട്ടില്‍നിന്ന് ലോറികളില്‍ നായ്ക്കളെ കൊണ്ടുവിടുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് തടസ്സമുള്ള കോയമ്പത്തൂര്‍, മേട്ടുപാളയം, തടാകം എന്നീ പ്രദേശങ്ങളില്‍നിന്നാണ് ലോറികളില്‍ ഇവയെ അട്ടപ്പാടിയിലത്തെിക്കുന്നത്. തോളംപാളയം വഴി മട്ടത്തുകാട് ഇറക്കിവിടുന്ന നായ്ക്കള്‍ അട്ടപ്പാടിയുടെ ശല്യമായി മാറിയിട്ടുണ്ട്. വിജനമായ പ്രദേശങ്ങളിലാണ് ഇവയെ കൊണ്ടുവിടുന്നത്. ടാര്‍പായ മൂടിയാണ് കൊണ്ടുവരുന്നത്. കെട്ടഴിച്ച് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരും തയാറാവുന്നില്ല. ഇവിടെ എത്തുന്ന പട്ടികള്‍ കൂട്ടത്തോടെ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. സ്കൂള്‍ കുട്ടികളടക്കം നായകളുടെ ശല്യം മൂലം പൊറുതിമുട്ടുന്ന അവസ്ഥയാണ് അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഇപ്പോഴുള്ളത്. നായ്ക്കളെ കൊണ്ടുതള്ളുന്നത് തടയണമെന്ന് പൊലീസിനോട് പറഞ്ഞിട്ടും പ്രയോജനമില്ളെന്ന് സ്ഥലവാസികള്‍ പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെയും പശുക്കളെയും മേയുന്നതിനായി അടുത്തുള്ള മലകളിലേക്ക് അഴിച്ചു വിടുകയാണ് പതിവ്. ഇതില്‍ പലതും പട്ടികള്‍ കടിച്ചതിന്‍െറ പരിക്കുകളോടെയാണ് വീടുകളില്‍ തിരിച്ചത്തൊറുള്ളത്. ചിലതിനെ കൊന്ന് തിന്നാറുമുണ്ടെന്ന് അഗളി മേലെ ഊര് നിവാസികള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പത്തോളം വിദ്യാര്‍ഥികളെ തെരുവുനായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ആശുപത്രികളില്‍ പട്ടികടിച്ചാല്‍ എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ ഇല്ല. പട്ടിയുടെ കടിയേറ്റാല്‍ ചികിത്സക്കായി തമിഴ്നാട്ടിലോ, പാലക്കാടോ എത്തിക്കണം. അഗളി പഞ്ചായത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റ് ആദ്യം ചെയ്ത പ്രവൃത്തി തെരുവുനായ പിടിക്കലായിരുന്നു. എന്നാല്‍, ആറുമാസമാകുന്നതിന് മുമ്പുതന്നെ പട്ടികളുടെ കൂട്ടം അഗളിയും ഗൂളിക്കടവും ഭരിക്കുന്നത് ഭരണസമിതിക്ക് തലവേദനയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.