പാലക്കാട്: കാലവര്‍ഷം ഒളിച്ചുകളി അവസാനിപ്പിച്ചതോടെ ജില്ല മഴയില്‍ കുതിര്‍ന്നു; നെല്ലറയിലെ കര്‍ഷകര്‍ ആഹ്ളാദത്തിലാണ്. രണ്ട് ദിവസത്തെ വെയിലിന് അവധി നല്‍കി കര്‍ഷകരുടെ മനം നിറച്ച് വ്യാഴാഴ്ചയോടെയാണ് ജില്ലയില്‍ മഴ കനത്തത്. ഇനി പാലക്കാടന്‍ ഗ്രാമങ്ങള്‍ കൃഷിയൊരുക്കുന്ന തിരക്കിലാണ്. മഴ മാറിനിന്നിരുന്ന കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ് വ്യാഴാഴ്ചത്തെ മഴ അനുഗ്രഹമായത്. ജില്ലയില്‍ ഇടവിട്ട് മഴ ലഭിച്ചിരുന്നെങ്കിലും രണ്ട് ദിവസം വെയിലുദിച്ചതോടെ കാലവര്‍ഷം ഇനിയും വൈകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത് തെറ്റിച്ചാണ് വ്യാഴാഴ്ചയോടെ മഴ കനത്തത്. നിലമൊരുക്കി, മഴയെ കാത്ത് നില്‍ക്കുന്ന കര്‍ഷകരുടെ മനം നിറച്ച് മഴ പെയ്തതോടെ ജില്ലയിലെ കാര്‍ഷികജോലികള്‍ സജീവമായി. ജില്ലയില്‍ ഏറ്റവുമധികം നെല്ല് ഉദ്പാദിപ്പിക്കുന്ന ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ കര്‍ഷകര്‍ ശക്തമായ മഴയോടെ ഒന്നാം വിളക്കായി തയാറാക്കിയ ഞാറുകള്‍ നടല്‍ ആരംഭിച്ചു. വിഷുവിന് ശേഷം പൊടിവിത നടത്തിയവര്‍ക്കും കാലവര്‍ഷം ശക്തി പ്രാപിച്ചത് ഗുണമായി. മഴ കനത്തതോടെ ഡാമുകളില്‍ ഇനി വെള്ളം നിറഞ്ഞ് തുടങ്ങും. ജില്ലയുടെ മൊത്തം കാര്‍ഷിക അഭിവൃദ്ധി ഡാമിലെ വെള്ളത്തിനെ ആശ്രയിച്ചാണെന്നിരിക്കെ കര്‍ഷകരെല്ലാം പ്രതീക്ഷയിലാണ്. വരും ദിവസങ്ങളില്‍ മഴ കനക്കുന്നതോടെ നാട്ടിലെ പുഴകളും തോടുകളും നിറയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കാര്‍ഷിക ജോലികള്‍ക്ക് തൊഴിലാളികളെ കിട്ടാത്തതാണ് ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ഇടങ്ങളിലും ഞാറു നടുന്നതുള്‍പ്പെടെയുള്ള കാര്‍ഷിക ജോലികള്‍ നടക്കുന്നത്. യന്ത്രങ്ങള്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ഉപയോഗിക്കാന്‍ സാധിക്കില്ളെന്നിരിക്കെ ജില്ലയിലെ ചെറുകര്‍ഷകര്‍ക്ക് തൊഴിലാളികളെ ആശ്രയിക്കുക മാത്രമേ നിര്‍വാഹമുള്ളു. തൊഴിലുറപ്പ് ജോലിക്കാരെ പൂര്‍ണമായും കൃഷിതൊഴിലിനായി ലഭിക്കാത്തതും ഇവര്‍ക്ക് ഭീഷണിയാണ്. വെല്ലുവിളികള്‍ പലതുണ്ടെങ്കിലും പാരമ്പര്യമായി തുടരുന്ന കൃഷിയെ തഴയാന്‍ ഇവിടത്തെ കര്‍ഷകര്‍ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.