ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ : കടമുറികള്‍ ലേലത്തിലെടുത്തവരുടെ അനാസ്ഥ: നടപടി വേണമെന്ന് യു.ഡി.എഫ്

ഒറ്റപ്പാലം: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ലൈസന്‍സികള്‍ മേല്‍വാടകക്ക് കൈമാറുന്നത് വ്യാപകമായതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ളെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. കൗണ്‍സിലെടുത്ത തീരുമാനം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. നഗരത്തില്‍ കച്ചവടം നടത്തുന്നവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കി. കൗണ്‍സില്‍ തീരുമാനം യഥാവിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും 20 ദിവസത്തിനകം വിവര ശേഖരണം നടത്തിയതിന്‍െറ റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കണമെന്നും അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി നിര്‍ദേശിച്ചു. കോടികള്‍ ചെലവിട്ട് നിര്‍മിച്ച നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സിലെ അഞ്ച് കടമുറികള്‍ ലേലത്തിനെടുത്തവര്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും എഗ്രിമെന്‍റ് ഒപ്പിടുകയും നിക്ഷേപം കെട്ടിവെക്കുകയും ചെയ്യാതിരുന്നിട്ടും ഇവര്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതും യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന് ഇടയാക്കി. 2006ല്‍ നിര്‍മാണം തുടങ്ങിയ മാര്‍ക്കറ്റ് കോംപ്ളക്സ് പൂര്‍ത്തിയായിട്ട് മൂന്നു വര്‍ഷമായി. 36 മുറികളില്‍ 24 എണ്ണമാണ് മൂന്ന് തവണകളിലായി നടന്ന ലേലത്തില്‍ പോയത്. ഇതില്‍ അഞ്ചെണ്ണമാണ് അനിശ്ചിതത്വത്തിലായത്. 12 കടമുറികള്‍ പുനര്‍ലേലം ചെയ്യുന്ന കാര്യം അജണ്ടയായി വന്നപ്പോഴാണ് നഗരസഭക്ക് നഷ്ടമുണ്ടാക്കുംവിധം ലേലംകൊണ്ടവര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നത്. പുനര്‍ലേലത്തില്‍നിന്ന് നേരത്തേ ലേലംകൊണ്ട അഞ്ചുപേരെ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. പങ്കെടുക്കാന്‍ മതിയായ ആളില്ലാതെയും നിശ്ചയിച്ച നിരക്കുകളില്‍ ഗണ്യമായി കുറവുവരുത്തിയും ഇടവേളകളെടുത്ത് നടത്തിയ ലേലത്തില്‍ കൈമാറിയ കടമുറികളാണ് അനിശ്ചിതത്വത്തിലുള്ളത്. ഒറ്റപ്പാലം-മായന്നൂര്‍ പാലത്തിലെ വഴിവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ബസ്സ്റ്റാന്‍ഡില്‍ ബസുകളുടെ ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ തുക കുറഞ്ഞതിലും അഴിമതി ആരോപണമുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 7.16 ലക്ഷം ഉണ്ടായിരുന്നത് ഇത്തവണ 6.90 ലക്ഷമായി കുറഞ്ഞത് അഴിമതിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 38 അജണ്ടകള്‍ അവതരിപ്പിച്ചതില്‍ അഞ്ചെണ്ണം മുന്‍കൂര്‍ ഭരണാനുമതി നല്‍കിയതായിരുന്നു. അടിയന്തരഘട്ടത്തില്‍ ആശ്രയിക്കേണ്ട മുന്‍കൂര്‍ അനുമതി കീഴ്വഴക്കമാക്കിയാല്‍ എതിര്‍പ്പുയരുമെന്ന് കൗണ്‍സിലര്‍ പി.എം.എ. ജലീല്‍ മുന്നറിയിപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.