നാളികേര കര്‍ഷകര്‍ക്ക് കുടിശ്ശിക ഓണത്തിന് മുമ്പ് –മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സംഭരണ കുടിശ്ശിക തുക ഓണത്തിന് മുമ്പ് തീര്‍ത്ത് നല്‍കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കര്‍ഷകരില്‍നിന്ന് നാളികേരം പരമാവധി സംഭരിക്കും. നാളികേര സംഭരണ കേന്ദ്രങ്ങള്‍ 382ല്‍നിന്ന് 500ലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന ക്ഷേമ വകുപ്പും വി.എഫ്.പി.സി.കെയും പെരുമാട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി വണ്ടിത്താവളത്ത് ആരംഭിക്കുന്ന കാര്‍ഷിക ഉല്‍പന്ന സംഭരണ മൂല്യവര്‍ധിത വിപണന സമുച്ചയത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്പാലത്തറയിലെ വി.എഫ്.പി.സി.കെയുടെ കീഴിലുള്ള പച്ചക്കറി ഫാം മന്ത്രി പിന്നീട് സന്ദര്‍ശിച്ചു. ജില്ലയില്‍ നെല്‍വയല്‍ കൃഷിക്ക് ഭീഷണിയായ അനധികൃത ഇഷ്ടിക ചൂളകള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ പരിധിയിലാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉല്‍പാദന കമീഷണറും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറിയുമായ ഡോ. രാജു നാരായണ സ്വാമി പദ്ധതി വിശദീകരിച്ചു. ചിറ്റൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. മാരിമുത്തു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജി പ്രഭാകരന്‍, വി.എഫ്.പി.സി.കെ പ്രോജക്ട് ഡയറക്ടര്‍ പി. എം. നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. മഹേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.