ഉപതെരഞ്ഞെടുപ്പ്: കണ്ണിയംപുറത്ത് ആധിപത്യമുറപ്പിച്ച് എല്‍.ഡി.എഫ്

ഒറ്റപ്പാലം: നഗരസഭയിലെ കണ്ണിയംപുറം വായനശാല 29ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആധിപത്യം വീണ്ടും എല്‍.ഡി.എഫിന്. 385 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാര്‍ഥി കെ.കെ. രാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 1012 വോട്ടുകള്‍ ചെയ്ത വാര്‍ഡില്‍ നാല് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വി.എം. ഹരിദാസ് (ബി.ജെ.പി) 255 വോട്ട് നേടി രണ്ടാം സ്ഥാനത്തും സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജയരാജന്‍ മാസ്റ്റര്‍ 66 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കെ.ജി. ലക്ഷ്മണന് ലഭിച്ചത് 51 വോട്ടുകളാണ്. മുന്‍ നഗരസഭാ ചെയര്‍മാനും കൗണ്‍സിലറുമായിരുന്ന കെ.പി. രാമരാജന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. 670 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ ആയിരുന്നു രാമരാജന്‍െറ വിജയം. 813 വോട്ടു നേടിയ അദ്ദേഹത്തിന്‍െറ അന്നത്തെ ഭൂരിപക്ഷം വാര്‍ഡുതലത്തില്‍ ഒന്നാമതാക്കി. 143 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ജയരാജന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞില്ല. 82 ശതമാനം വോട്ടു നേടിയത് ഇക്കുറി 63.24 ശതമാനത്തിലേക്ക് ചുരുങ്ങി. അതേ സമയം 14.42 ശതമാനം വോട്ടില്‍ നിന്നും 25.19 ശതമാനത്തിലേക്ക് വളരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പിന്നിലേക്ക് കോണ്‍ഗ്രസിന് മാറി നില്‍ക്കേണ്ടി വന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയുടെ ഭരണം സി.പി.എമ്മിന്‍െറ കൈകളിലാണ്. സി.പി.എം-15, യു.ഡി.എഫ്-എട്ട്, ബി.ജെ.പി-ഏഴ്, സി.പി.എം വിമതര്‍-അഞ്ച്, ഏകാംഗ സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. വിജയാഹ്ളാദവുമായി സി.പി.എം നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.