വാളയാര്‍ വീണ്ടും കാട്ടാനകളുടെ കുരുതിക്കളമായി

പാലക്കാട്: മുന്‍കരുതല്‍ ഫലം ചെയ്യുന്നില്ല, വാളയാര്‍മേഖലയില്‍ ട്രെയിന്‍ തട്ടി വീണ്ടും കാട്ടാന ചെരിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് വാളയര്‍ റൂട്ട് വീണ്ടും കാട്ടാനകളുടെ കുരിതിക്കളമായി മാറിയത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ അപകടമാണ്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ ഇതിലൂടെ ട്രെയിന്‍ സര്‍വിസ് തുടങ്ങിയ കാലം തൊട്ട് ഇവിടെ അപകടം പതിവാണ്. വനം വകുപ്പും റെയില്‍വേയും സംയുക്തമായി അപകടം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ളെന്നാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 20നാണ് സമാനമായ രീതിയില്‍ ട്രെയിനിടിച്ച് ആന ചെരിഞ്ഞത്. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു അന്നത്തെ സംഭവം. എന്നാല്‍, അപകടങ്ങള്‍ തമ്മിലുള്ള ഇടവേള ഒരു മാസത്തില്‍ താഴെയായത് ബന്ധപ്പെട്ടവരെ ആശങ്കയിലാഴ്ത്തുന്നു. എട്ടിമട സ്റ്റേഷന്‍ എത്തുന്നതിന് അര കിലോമീറ്റര്‍ മുമ്പാണ് ജൂണ്‍ 20ന് അപകടമുണ്ടായതെങ്കില്‍, ഇക്കുറി വാളയാര്‍ മലമ്പാര്‍ സിമന്‍റ്സിന് മുന്നിലാണ്. പ്രശ്നത്തിന് പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ള പദ്ധതികള്‍ പലതും നടപ്പായില്ല. ശാശ്വത പരിഹാരമെന്നോണം നിര്‍ദേശിച്ചിട്ടുള്ള റെയില്‍പാളത്തിന് സമാന്തരമായി ആനകള്‍ക്ക് മുറിച്ച് കടക്കാനുള്ള ഇടനാഴി നിര്‍മാണം എങ്ങുമത്തെിയില്ല. 30 കോടിയാണ് ഇടനാഴി നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിന് പണം നല്‍കേണ്ട വനം വകുപ്പിന് ഇത്രയും രൂപ സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഇതും നടപ്പായില്ല. 2010ലെ അപകടത്തിന് ശേഷം ചില മുന്‍കരുതലുകള്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. രാത്രി ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗത കുറച്ചും പാളത്തിന് സമീപത്തുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റിയും സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എട്ടിമട, കഞ്ചിക്കോട്, വാളയാര്‍ മേഖലയില്‍ പകല്‍സമയങ്ങളിലെ ട്രെയിനിന്‍െറ വേഗത മണിക്കൂറില്‍ 65 കിലോമീറ്ററും രാത്രി കാലങ്ങളില്‍ അത് 45 കിലോമീറ്ററുമാണ്. രാത്രികാലങ്ങളില്‍ വന്യ ജീവികള്‍ വരുന്നത് ലോക്കപൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി 20 സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകളും റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.