കോയമ്പത്തൂര്‍: ഒരു കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരിയെയും കുടുംബത്തെയും ബന്ദിയാക്കിവെച്ച കേസില്‍ കുപ്രസിദ്ധ റൗഡി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശി തമ്പിരാജ, അന്തോണി, പരമശിവം എന്നിവരാണ് പിടിയിലായത്. തമ്പിരാജയുടെ പേരില്‍ കൊലപാതകം, കൊള്ള, ആളെ കടത്തല്‍ തുടങ്ങി ഇരുപതിലധികം കേസുകള്‍ തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കോയമ്പത്തൂര്‍ കോവൈപുതൂര്‍ എം.എം. ഗാര്‍ഡന്‍ അരുള്‍കുമരന്‍ (37), ഭാര്യ സംഗീത (32), മക്കളായ ശിവശങ്കരി (13), ചാരു കാര്‍ത്തിക് (ആറ്) എന്നിവരെയാണ് അക്രമിസംഘം വാനില്‍ കടത്തിക്കൊണ്ടുപോയി പീളമേട് ഭാഗത്തെ ലോഡ്ജില്‍ ബന്ദിയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് അക്രമികളുടെ പിടിയില്‍നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെട്ട അരുള്‍കുമരന്‍ ചിന്നിയംപാളയം പൊലീസ് ചെക്പോസ്റ്റ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീളമേട് പൊലീസ് സ്ഥലത്ത് എത്തി മറ്റു കുടുംബാംഗങ്ങളെ മോചിപ്പിക്കുകയായിരുന്നു. തമ്പിരാജയെയും മറ്റു രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍നിന്ന് രണ്ട് തോക്കുകള്‍, പത്തിലധികം തിരകള്‍, 60 പവന്‍ സ്വര്‍ണം തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ പ്രതികളായ ഭാസ്കര്‍, ജോണ്‍സണ്‍, മഹാരാജന്‍ എന്നിവരെ പൊലീസ് തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.