ആനക്കര: കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. മുമ്പ് പലതവണ ക്ളാസ് മുറികള്‍ തകര്‍ക്കുകയും ബെഞ്ചും ഡെസ്കും മറ്റുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം ലക്ഷ്യമിട്ട് കോച്ചിങ് ക്യാമ്പുകളും മറ്റും നടത്തിവരുന്ന വേളയില്‍ സാമൂഹികവിരുദ്ധര്‍ നശീകരണ പ്രവര്‍ത്തനം തുടരുകയാണ്. പല ക്ളാസുകളുടെയും വാതിലുകള്‍ തകര്‍ത്തിട്ടുണ്ട്. ഇതിന് പുറമെ ഡെസ്ക് തല്ലിത്തകര്‍ക്കുകയും ക്ളാസ്മുറിയില്‍ തീയിടുകയും ചെയ്തിരിക്കുന്നു. ഈ അധ്യയനവര്‍ഷം പല ക്ളാസ് മുറികളിലും ഇത്തരം നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്ളാസ് മുറികളില്‍ മദ്യക്കുപ്പികള്‍ പൊട്ടിക്കുക, ട്യൂബ് ലൈറ്റുകളും ബള്‍ബുകളും തകര്‍ക്കുക തുടങ്ങിയവ ഇവര്‍ നടത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും രാത്രിയും സ്കൂള്‍ കോമ്പൗണ്ടിലും ക്ളാസ്മുറികളിലും സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ സ്കൂളിനും ജീവനക്കാര്‍ക്കും ഭീഷണിയാണ്. പി.ടി.എയുടെ സാമ്പത്തിക പരാധീനത നിമിത്തം വാച്ച്മാനെ നിയമിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കുകയില്ല. മൂവായിരത്തോളം വിദ്യാര്‍ഥികളും നൂറ്റമ്പതോളം അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരുമുണ്ട്. കഴിഞ്ഞ ആഴ്ച ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.