വനമേഖലയിലെ മണ്ണിടിച്ചില്‍; പ്രതിരോധ സംവിധാനമായില്ല

കല്ലടിക്കോട്: വനമേഖലയിലെ മണ്ണിടിച്ചില്‍ സ്വാഭാവിക വനമേഖലക്ക് ഭീഷണിയാവുന്നു. കല്ലടിക്കോട്, പാലക്കയം സര്‍ക്കാര്‍ വനമേഖലയിലെ മണ്ണിടിച്ചിലും സ്വാഭാവിക വനനശീകരണവുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. ഒലവക്കോട്, മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ പ്രവര്‍ത്തപരിധിയിലാണ് മണ്ണിടിച്ചില്‍ രൂക്ഷമായത്. ഒരുവര്‍ഷം മുമ്പ് തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്‍െറ പ്രവര്‍ത്തനപരിധിയില്‍ വരുന്ന പാലക്കയത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിദഗ്ധ സംഘം മണ്ണ് സാമ്പ്ള്‍ പരിശോധിച്ചിരുന്നു. ആവാസ മേഖലയിലും വനമേഖലയിലും കൂടെക്കൂടെ സംഭവിക്കുന്ന മണ്ണിടിച്ചിലിനെക്കുറിച്ചും വനനശീകരണത്തെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. കല്ലടിക്കോട് അമ്പതേക്കര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് മണ്ണൊലിപ്പ് വനമേഖലക്ക് വിനയായിട്ടുള്ളത്. നിരവധി പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണെങ്കിലും പുല്ലാനിതോടിന്‍െറ ഉല്‍ഭവപ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സ്വാഭാവിക വനനശീകരണത്തിന് വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ഥലത്തില്‍ വനവിസ്തൃതി കുറയുന്നത് വന്യമൃഗ ആവാസത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. കാട്ടാനയടക്കമുള്ള മൃഗങ്ങളുടെ ആകെ ലഭ്യതയെയും പ്രതികൂലമായി ബാധിക്കും. മലയോര മേഖലയിലെ സ്വാഭാവിക വനനശീകരണം, മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍ എന്നിവ നിയന്ത്രിക്കുന്നതിനും ഇത്തരം സ്ഥലങ്ങളില്‍ വനവത്കരണം ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.