ജില്ലാ ആശുപത്രിയാവാനൊരുങ്ങി ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒറ്റപ്പാലം: ഭൗതിക സാഹചര്യങ്ങള്‍ സമ്പൂര്‍ണമായ ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രിയെന്ന പദവി മാറ്റത്തിനായി കാതോര്‍ത്ത് കഴിയുന്നു. പദവി ഉയര്‍ത്തുന്ന ആശുപത്രികളുടെ പട്ടികയില്‍ ഇടം നേടിയ ഒറ്റപ്പാലം താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയരുന്നതും കാത്തിരിപ്പാണ് രോഗികള്‍. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കഴിഞ്ഞ ജനകീയ വികസന സമിതി യോഗത്തില്‍ എം. ഹംസ എം.എല്‍.എ അറിയിച്ചിരുന്നു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ ജീവനക്കാരുടെ എണ്ണത്തില്‍ മാത്രമാണ് കുറവുള്ളതെന്നും മറ്റുള്ളവ തൃപ്തികരമാണെന്നുമുള്ള റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുറവുള്ള ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കപ്പെടണമെങ്കില്‍ ധനകാര്യ വകുപ്പിന്‍െറ അനുമതി വേണം. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്‍െറ അനുമതി കാത്തിരിക്കുകയാണ്. 3.56 ഏക്കറില്‍ പുതുതായി മാതൃ-ശിശു സംരക്ഷണത്തിനായി നിര്‍മിച്ച അഞ്ചുനില കെട്ടിടം ജില്ലാ ആശുപത്രി സംവിധാനങ്ങള്‍ക്ക് അനുയോജ്യമാണ്. ലാബ്, എക്സറേ, ഓപറേഷന്‍ തിയറ്റര്‍, ഇ.സി.ജി, ഫാര്‍മറി, ഡയാലിസിസ് യൂനിറ്റ്, ലിഫ്റ്റ്, പേവാര്‍ഡ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി എന്നീ സൗകര്യങ്ങള്‍ ആശുപത്രിയില്‍ നിലവിലുണ്ട്. പദവി ഉയര്‍ത്തലിന് പുതുതായി അധിക തസ്തികകള്‍ സൃഷ്ടിക്കല്‍ മാത്രമേ പ്രാവര്‍ത്തികമാക്കേണ്ടതുള്ളൂ എന്നിരിക്കെ അധികൃതരുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം എത്രയും വേഗം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒറ്റപ്പാലത്ത് ജില്ലാ ആശുപത്രി യാഥാര്‍ഥ്യമാക്കുന്നപക്ഷം താലൂക്കിലുള്ളവരെ കൂടാതെ തൃശൂര്‍ ജില്ലയിലെ ഒറ്റപ്പാലത്തോട് തൊട്ടുകിടക്കുന്ന പഞ്ചായത്ത് നിവാസികള്‍ക്കും അനുഗ്രഹമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.