മന്ത്രി മാപ്പു നല്‍കിയ വനം കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം

നിലമ്പൂര്‍: സര്‍ക്കാര്‍ മാപ്പു നല്‍കിയ വിവിധ വനം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിനകം കോടതിയില്‍ ഹാജരാക്കാന്‍ മഞ്ചേരി വനം കോടതിയുടെ കര്‍ശന നിര്‍ദേശം. ഉത്തരവ് നടപ്പാക്കിയില്ളെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും താക്കീത് നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പിന് കഴിയില്ളെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും കോടതി പറഞ്ഞു. റെയ്ഞ്ച് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തിയാണ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, അറസ്റ്റ് വാറന്‍റായ കേസിലെ മമ്പാട് സ്വദേശികളായ നാലു പേരെ കോടതി നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 2002ല്‍ വനം മന്ത്രി കെ. സുധാകരന്‍ മുമ്പാകെ കീഴടങ്ങി മന്ത്രി മാപ്പ് നല്‍കിയ മമ്പാടുള്ള പ്രതികളെയാണ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 1993 മുതല്‍ 2001 വരെ വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ട 120ഓളം പേരില്‍ 53 പേരെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിട്ടിരുന്നു. പ്രതികള്‍ സ്ഥലത്തില്ളെന്ന് എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ചര്‍ അന്ന് നല്‍കിയ മറുപടി കോടതി തള്ളുകയായിരുന്നു. നൂറിലധികം പേര്‍ പ്രതികളായ കേസില്‍ എല്ലാവരും സ്ഥലത്തില്ളെന്ന വാദം ശരിയല്ളെന്നായിരുന്നു നിരീക്ഷണം. പ്രതികളെ ഉടന്‍ ഹാജരാക്കാമെന്ന വനം വകുപ്പിന്‍െറ അപേക്ഷ അന്ന് കോടതി മുഖവിലക്കെടുത്തിരുന്നു. മന്ത്രി മാപ്പ് നല്‍കിയ ഇവരുടെ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അനുകൂല റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് അന്നത്തെ നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. സുനില്‍കുമാര്‍ വീണ്ടും നല്‍കുകയും ചെയ്തിരുന്നു. വനം മന്ത്രിയുടെ മുമ്പാകെ കീഴടങ്ങിയ പ്രതികളുടെ കേസ് പിന്‍വലിക്കാമെന്ന് ഉന്നത വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 2002ല്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. വനം കൊള്ള നടത്തരുതെന്നും ഇനി വനം കേസില്‍ ഉള്‍പ്പെടാന്‍ പാടില്ളെന്നുമുള്ള കരാറിലാണ് പുനരധിവാസ പാക്കേജോട് കൂടി പ്രതികള്‍ക്ക് മാപ്പ് നല്‍കിയത്. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന്‍െറ ഭാഗമായാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടലുണ്ടായത്. പൊതുപരിപാടിയില്‍ മന്ത്രി ജനങ്ങള്‍ക്ക് മുമ്പാകെ വെച്ച കരാര്‍ നടപ്പാക്കാന്‍ വനം വകുപ്പ് വീണ്ടും രേഖകള്‍ തയാറാക്കി സര്‍ക്കാരിന് കൈമാറിയതാണ്. ഇതിലും തീരുമാനമില്ലാതെ വന്നതാണ് വീണ്ടും വനം വകുപ്പിനെ വെട്ടിലാക്കിയത്. പ്രതികളില്‍ ചിലര്‍ ഇപ്പോള്‍ വനസംരക്ഷണ സമിതിയിലെ അംഗങ്ങളും മറ്റു ചിലര്‍ വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.