അര്‍ബുദ നിര്‍ണയ കേന്ദ്രത്തിന് പുതിയ കെട്ടിടമായി; ഉദ്ഘാടനം ഉടന്‍

പാലക്കാട്: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍.സി.സി) കീഴിലെ മലബാറിലെ ഏക സാറ്റലൈറ്റ് യൂനിറ്റായ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍ററിന്‍െറ (ഇ.സി.ഡി.സി) പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പഞ്ചായത്തിന്‍െറ ബാക്ക്വാര്‍ഡ് റീജന്‍ ഗ്രാന്‍റ് ഫണ്ടില്‍ (ബി.ആര്‍.ജി.എഫ്) 2.25 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പില്‍ ആര്‍.സി.സിയുടെ കൈവശമുള്ള 69 സെന്‍റ് സ്ഥലത്താണ് 10,000 സ്ക്വയര്‍ ഫീറ്റില്‍ വിപുല സൗകര്യമുള്ള കെട്ടിടമൊരുക്കിയത്. അര്‍ബുദ നിര്‍ണയത്തിന് അത്യാധുനിക യന്ത്രസംവിധാനങ്ങളോടെയുള്ള പരിശോധനകളടക്കം വിപുലമായ സൗകര്യമാണ് പുതിയ കെട്ടിടത്തില്‍ ആര്‍.സി.സി സജ്ജമാക്കുന്നത്. ആധുനിക രീതിയില്‍ സജ്ജമാക്കുന്ന പുതിയ കെട്ടിടമൊരുങ്ങുന്നതോടെ അര്‍ബുദ രോഗനിര്‍ണയത്തിനുള്ള എറ്റവും പുതിയ യന്ത്രസംവിധാനം കഞ്ചിക്കോട്ട് ഒരുക്കപ്പെടും. വിവിധതരം അര്‍ബുദം കണ്ടത്തൊനുള്ള അതിസൂക്ഷ്മ സംവിധാനങ്ങളായ സൈറ്റോളജി, ക്ളിനിക്കല്‍ പാത്തോളജി, ഹെമറ്റോ പാത്തോളജി, എക്സ്റേ, മാമോഗ്രാഫി, ആള്‍ട്രാസൗണ്ട്, മിനി സര്‍ജിക്കല്‍ യൂനിറ്റ്, പാലിയേറ്റിവ് ഐ.പി എന്നിവ പുതിയ കെട്ടിടത്തില്‍ ഒരുക്കും. ചികിത്സയിലുള്ള രോഗികള്‍ക്ക് ആര്‍.സി.സിയുമായി ബന്ധപ്പെട്ടുള്ള ടെലി മെഡിസിന്‍, ടെലി കോണ്‍ഫറന്‍സിങ് സൗകര്യവും കഞ്ചിക്കോട് ഉണ്ടാക്കും. തുടര്‍ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പിക്കുള്ള സൗകര്യം കഞ്ചിക്കോട് ഒരുക്കാന്‍ പദ്ധതിയുണ്ട്. മുഖ്യമായും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ആളുകളെ ലക്ഷ്യമിട്ടാണ് സാറ്റലെറ്റ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് യൂനിറ്റില്‍ കൂടുതല്‍ ചികിത്സസൗകര്യം ഒരുക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. നിലവില്‍ വായ, സ്തനം, ഗര്‍ഭപാത്രം എന്നിവയെ ബാധിക്കുന്ന അര്‍ബുദം നിര്‍ണയിക്കാനുള്ള പരിശോധനയാണ് കഞ്ചിക്കോട് ഇ.സി.ഡി.സിയിലുള്ളത്. മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആറ് ജീവനക്കാരുള്ള സ്ഥാപനം നിലവില്‍ പുതുശ്ശേരിയില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ കഞ്ചിക്കോട് കേന്ദ്രത്തില്‍ ചികിത്സ കഴിഞ്ഞ രോഗികളുടെ ചികിത്സാ പുരോഗതി വിലയിരുത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.