ആനമൂളിയില്‍ കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ കാട്ടാനശല്യം തുടര്‍ക്കഥയാകുന്നു. കൂട്ടമായി കാടിറങ്ങുന്ന കാട്ടാനകള്‍ പ്രദേശത്ത് കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആറോടെയത്തെിയ കാട്ടാനകള്‍ ആനമൂളി, ചിറപ്പാടം, അട്ടപ്പാടി ചുരത്തിലെ പാലവളവ് മേഖകളില്‍ തമ്പടിച്ചു. ആനമൂളിയില്‍ ഒമ്പതും, ചിറപ്പാടത്ത് ആറും, അട്ടപ്പാടി ചുരത്തിലെ പാലവളവില്‍ രണ്ട് കാട്ടാനക്കൂട്ടങ്ങളുമാണ് കാടിറങ്ങിയത്തെിയത്. കാട്ടാനക്കൂട്ടമിറങ്ങിയതറിഞ്ഞ് ജനം ഭയാശങ്കയിലായി. പല കുടുംബങ്ങളും വീടുകള്‍ മാറി താമസിക്കാനുളള ഒരുക്കത്തിലാണ്. പത്ത് ദിവസമായി തുടര്‍ച്ചയായി കാട്ടാനകള്‍ ഭീതി പരത്തുന്നുണ്ട്. നാട്ടുകാര്‍ ചെണ്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ കാട്ടിലേക്ക് കയറ്റി വിടുന്നത്. നിരവധി കൃഷിയിടങ്ങളാണ് ഇതിനോടകം നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചു. അതിനിടെ, ആനമൂളിയില്‍ വ്യാഴാഴ്ച വനംവകുപ്പ് അധികൃതര്‍ വിളിച്ച യോഗം അലസിപ്പിരിഞ്ഞു. സൗരോര്‍ജവേലി സ്ഥാപിക്കാന്‍ 15 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 10 ലക്ഷം രൂപ ചെലവില്‍ ആനമൂളി പ്രദേശത്തും, അഞ്ച് ലക്ഷം ഉപയോഗിച്ച് തത്തേങ്ങലം ഭാഗത്തും സൗരോര്‍ജവേലി സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ ഇതിന്‍െറ സംരക്ഷണ ചുമതല പ്രദേശവാസികള്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് വഹിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞത് ജനത്തെ രോഷം കൊള്ളിച്ചു. ആദ്യം സോളാര്‍ വേലി സ്ഥാപിക്കുക എന്നിട്ടാകാം സംരക്ഷണമെന്ന് പറഞ്ഞ് യോഗം താല്‍കാലികമായി പിരിയുകയായിരുന്നു. കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ കൊണ്ടുവരണമെന്ന യോഗത്തിലെ ആവശ്യത്തിന് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയല്ളെന്നും പരാതി ഉയര്‍ന്നു. വനംവകുപ്പ് റെയ്ഞ്ച് ഓഫിസര്‍ ഗണേശന്‍ വിളിച്ച യോഗത്തില്‍ പഞ്ചായത്തംഗം ടി.കെ. ഫൈസല്‍, മോഹനന്‍, ടി.കെ മരക്കാര്‍, എം.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.