തൂത വീട്ടിക്കാട് ക്രഷര്‍ യൂനിറ്റ്: സമരസമിതിയുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം –നഗരസഭ ഭരണസമിതി

ചെര്‍പ്പുളശ്ശേരി: വീട്ടിക്കാട് ക്രഷര്‍ യൂനിറ്റിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് (നിരാക്ഷേപ പത്രം) നല്‍കുന്നത് പുതിയ യു.ഡി.എഫ് നഗരസഭ ഭരണസമിതിയാണെന്നത് വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടിക്കാട് ക്രഷര്‍ യൂനിറ്റിനുള്ള അപേക്ഷ 2010 ആഗസ്റ്റ് ഏഴിന് ഭരണസമിതി ചര്‍ച്ചചെയ്യുകയും മേലധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തതാണ്. തുടര്‍ന്ന് ചീഫ് ടൗണ്‍ പ്ളാനറുടെ നിര്‍ദേശപ്രകാരം 2013 ജൂലൈ 31ന് നിര്‍മാണ അനുമതി നല്‍കുകയും ചെയ്തു. 2015 മാര്‍ച്ച് 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയെങ്കിലും 2015 ജൂലൈ 30ന് ഹൈകോടതി സ്റ്റോപ് മെമ്മോ സ്റ്റേ ചെയ്യുകയാണുണ്ടായത്. കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മൈനിങ് ജിയോളജി, ഫാക്ടറി ആന്‍ഡ് ബോയിലേഴ്സ് എന്നിവയുടെ അനുമതിപത്രം ലഭ്യമാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണാനുമതിയും (7350 സ്ക്വയര്‍ ഫീറ്റ്) 335 എച്ച്.പി യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാനുള്ള അനുമതിയും നേരത്തേ ലഭിച്ചതിനാല്‍ നിരാക്ഷേപ പത്രത്തിനുള്ള അപേക്ഷ അനിശ്ചിതമായി നീട്ടിവെക്കാനാകില്ല. ഇതുകൊണ്ടാണ് നിരാക്ഷേപ പത്രം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭ അധ്യക്ഷ ശ്രിലജ വാഴകുന്നത്ത് വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ്, കൗണ്‍സിലര്‍മാരായ പി. രാംകുമാര്‍, പി.പി. വിനോദ്കുമാര്‍, കെ.എം. ഇസ്ഹാഖ്, സി.എ. ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.